വൈപ്പിൻ: കുഴുപ്പിള്ളി അരങ്ങിൽപ്പാടത്ത് വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ തുടങ്ങിയ പൊക്കാളികൃഷി നശിപ്പിക്കാൻ ശ്രമം. രാത്രിയിൽ പാടത്തിലെ തൂമ്പിന്റെ അടിപ്പലക ഇളക്കിമാറ്റി പാടത്തേക്ക് ഉപ്പുവെള്ളം കയറ്റിവിട്ട് ചെമ്മീൻ വാറ്റുന്നതിനു വേണ്ടിയാണിത്. പൊക്കാളികൃഷിക്ക് ആവശ്യമുള്ളതിലേറെ വെള്ളം പാടത്ത് നിറഞ്ഞ് ഞാറ് ചീഞ്ഞുപോകും. വേലിയേറ്റത്തിൽ അടിപ്പലക മാറ്റി വെള്ളം കയറ്റിയാൽ വേലിയിറക്കസമയത്ത് വെള്ളം പുറത്തേക്ക് വിട്ട വല വച്ച് ചെമ്മീൻ പിടിക്കാം. പാടത്തിന്റെ മേൽനോട്ടക്കാരൻ തന്നെയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊക്കാളികൃഷി നടത്തുന്ന സംഘടനകളുടെ ആക്ഷേപം. ഇക്കഴിഞ്ഞ ദിവസം മാറ്റിവച്ച പലകകളും വലയും കർഷകർ പിടികൂടിയിരുന്നു.കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ, കുടുംബശ്രീ, വിവിധ കാർഷിക യുവജനസംഘടനകൾ എന്നിവയുടെ കൂട്ടായ്മയാണ് അരങ്ങിൽപാടത്ത് പൊക്കാളികൃഷി തുടങ്ങിയത്. ഇവർ പഞ്ചായത്തിനും കൃഷി ഭവനും കർഷക സമാജത്തിനും പരാതി നൽകി.