nh
ഇന്നലെ 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ദേശീയപാതയിൽ നിന്നും ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് അനാവശ്യമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പൊലീസ് നീക്കി. 'ആലുവ നഗരപ്രവേശന കവാടത്തിൽ അനാവശ്യ നിയന്ത്രണം' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പൊലീസ് നടപടി.

കൊവിഡ് രോഗ വ്യാപനത്തിൽ നിന്നും ആലുവ നഗരം മോചിതമായിട്ടും ദേശീയപാതയിലെ നിയന്ത്രണം നീക്കാത്തത് ജനത്തെ ഏറെ വലച്ചിരുന്നു. ഇതിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത രോക്ഷം ഉയർന്ന പശ്ചാത്തലത്തിലാണ് 'കേരളകൗമുദി' ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. കളമശേരി ഭാഗത്ത് നിന്നും വരുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ മാർത്താണ്ഡ വർമ്മ പാലവും കടന്ന് തോട്ടക്കാട്ടുകര സിഗ്നലിൽ യു ടേൺ ചെയ്ത് ബൈപ്പാസ് വഴി വേണം നഗരത്തിലെത്താൻ. മാത്രമല്ല, ബൈപ്പാസിൽ പോലും നേരായ വഴിയിലൂടെ നഗരത്തിലേക്ക് ഇറങ്ങാൻ കഴിയില്ല. ഇവിടെയും പ്ലാസ്റ്റിക്ക് ചരട് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയായിരുന്നു.

ആലുവ നഗരസഭയിലെ ട്രഷറി 15 ാം വാർഡും തൃക്കുന്നത്ത് 19 ാം വാർഡും മാത്രമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലുള്ളത്. മറ്റ് വാർഡുകളെല്ലാം ഒരാഴ്ച്ചയിലേറെയായി സാധാരണ നിലയിലാണ്.

അത്യാവശ്യ സമയങ്ങളിൽ ജില്ലാ ആശുപത്രികളി, ചുണങ്ങംവേലി രാജഗിരി ആശുപത്രി, കാരോത്തുകുഴി, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്നവരും നിത്യേന ജോലിക്ക് വരുന്നവരുമാണ് അനാവശ്യമായി ദേശീയപാത കറങ്ങിയിരുന്നത്.

ദേശീയപാതയിൽ പുളിഞ്ചോടും ബൈപ്പാസിലും കളമശേരി ഭാഗത്ത് നിന്നെത്തുന്നവർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ സ്ഥാപിച്ചിരുന്ന പ്ളാസ്റ്റിക് ചരടുകൾ ആലുവ സി.ഐ എൻ. സുരേഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ആലുവ ട്രാഫിക്ക് പൊലീസാണ് നീക്കം ചെയ്തത്.