മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്യും. സുഭിക്ഷകേരളം പദ്ധതിപ്രകാരമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വനിതാഘടക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. റമ്പൂട്ടാന്‍ 18 എൻ, മാംഗോസ്റ്റീൻ സ്വീറ്റ്, പ്ലാവ് - വിയറ്റനാം ഏർലി, മാവ് -കാലാപാടി, നാരകം ആർ സീസൺ മുതലായ ഒന്നര മുതൽ മൂന്നു വർഷം കാലയളവിനുള്ളിൽ കായ്ക്കുന്നതും ഒന്നര അടി പൊക്കമുള്ളതും , ഗുണമേന്മയുള്ളതുമായ ബഡ് /ഗ്രാഫ്റ്റ് പോളിംഗ് തൈകളാണ് വിതരണം ചെയ്യുന്നത്. ഈ അഞ്ചു തരം തൈകൾ അടങ്ങുന്ന ഒരു കിറ്റിന്റെ വില 890 രൂപയാണ്. ഇതിൽ 225 രൂപ മാത്രം യൂണിറ്റ് അടിച്ചാൽ മതി. 665 രൂപ ബ്ലോക്ക് പഞ്ചായത്ത് അടയ്ക്കുന്നു. ഒരു കുടുംബശ്രീ യൂണിറ്റിന് ഒന്നിൽ കൂടുതൽ കിറ്റിന് അപേക്ഷിക്കാവുന്നതാണ്. (ഓരോ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾക്കും അവരുടെ ആവശ്യത്തിനനുസരിച്ച് കിറ്റ് ഓർഡർ ചെയ്യാവുന്നതാണ്). 2345 കിറ്റുകളാണ് വിതരണത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ക്രമത്തിൽ കിറ്റുകൾ ലഭ്യമാക്കുന്നത്. ആവോലി, ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, വാളകം എന്നി പഞ്ചായത്തുകളിലെ കൃഷിഭവനുകളിലാണ് പണം അടയ്‌ക്കേണ്ടത്. പണം അടക്കേണ്ട അവസാനതീയതി ആഗസ്റ്റ് 22 ആണ് . പണം അടച്ച് 15 ദിവസത്തിനുള്ളിൽ തൈകൾ ലഭ്യമാക്കുന്നതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അറിയിച്ചു.