mob
രോഹിണിയും മക്കളും പൊതുപ്രവർത്തകർക്കൊപ്പം

# രേഷ്മയുടെയും ഗ്രീഷ്മയുടെയും ഓൺലൈൻ പഠനത്തിന് വഴിതുറന്നു

കൊച്ചി: പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീട്ടിലെ വൈദ്യുതിവിളക്കുകൾ തെളിഞ്ഞപ്പോൾ തമ്മനം ശാന്തിപുരം കോളനിയിലെ 184 ാം നമ്പർ വീട്ടിൽ മാത്രമല്ല നിർദ്ധനയായ രോഹിണിയുടെയും രണ്ട് പെൺമക്കളുടെയും ജീവിതത്തിലും വെളിച്ചം നിറഞ്ഞു. രേഷ്മയുടെയും ഗ്രീഷ്മയുടെയും ഓൺലൈൻ പഠനത്തിനു വഴിതെളിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അമ്മ. ഇരുട്ടിനെയും ജീവിത പ്രതിസന്ധികളെയും അതിജീവിച്ചാണ് പത്ത്, എട്ട് ക്ളാസ് വിദ്യാർത്ഥിനികളായ ഇവർ പഠനം തുടരുന്നത്.

അംഗപരിമിതയായ ഇളയമകൾ ഗ്രീഷ്മയ്ക്ക് അംഗപരിമിതർക്കുള്ള യാതൊരു ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. സി.കെ.സി സ്‌കൂളിൽ നിന്നും ടിവി നൽകിയെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ അത് ഉപകാരപ്പെട്ടില്ല. ഇതുവരെയുള്ള ക്ലാസുകൾ നഷ്ടമായെങ്കിലും വൈദ്യുതി ലഭിച്ചതിനാൽ ഇനിമുതൽ ഓൺലൈൻ പഠനം ആരംഭിക്കാമെന്ന സന്തോഷത്തിലാണ് കുട്ടികൾ. പൊതുപ്രവർത്തകരായ സ്റ്റീഫൻ നാനാട്ട്, ജയലക്ഷ്മി കാക്കനാട് എന്നിവരുടെ ശ്രമഫലമായാണ് വീട്ടിൽ വൈദ്യുതി ലഭിച്ചത്. ഭർത്താവ് ഉപേക്ഷിച്ചു പോയ രോഹിണിക്ക് ഉപജീവനമാർഗവും റേഷൻകാർഡും ഗ്യാസ് കണക്ഷനും കുട്ടികൾക്ക് പഠന സൗകര്യങ്ങളും കേബിൾ കണക്ഷനും അടക്കമുള്ളവയ്ക്ക് ശ്രമം തുടരുമെന്ന് അവർ പറഞ്ഞു.

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ സുനിൽ എൻ.വി, എം .ജി പ്രശാന്ത് , സുജിത് ശാന്തിപുരം, ജോൺസൻ നാനാട്ട്, ബൈജു രാഘവൻ, ബെൻസി നാനാടൻ തുടങ്ങിയവർ ആശംസ നേരാനെത്തി.