മൂവാറ്റുപുഴ: ജില്ലയിലെ പെട്രോൾ പമ്പുകളിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും വസ്തു വകകൾ നശിപ്പിക്കുകയും ചെയ്യുന്ന ക്രമിനലുകളെ അറസ്റ്റ് ചെയ്ത് കേസെടുക്കാത്തതിൽ എറണാകുളം ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. അക്രമികൾക്ക് ജാമ്യം ലഭിക്കാത്ത വകുപ്പുപ്രകാരം കേസെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മൂവാറ്രുപുഴ ഡി.വൈ.എസ്.പിയുടെ അധികാര പരിധിയിലുള്ള മുളന്തുരുത്തി ചാലപ്പുറം ഫ്യൂവൽസിലും, വാഴക്കുളം എച്ച്.പി പമ്പിലും മദ്യപിച്ചെത്തിയ അക്രമിസംഘം ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. പമ്പിലെ ജീവനക്കാർക്ക് സുരക്ഷ ലഭിക്കാത്തതുമൂലം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഇൗ സാഹചര്യത്തിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിക്കുവാനാണ് അസോസിയേഷൻ ഉദ്ദേശിക്കുന്നത്. ജീവനക്കാരെ പമ്പിൽ കയറി മർദ്ദിച്ചവരെ അറസ്റ്ര് ചെയ്ത് കേസെടുത്തില്ലെങ്കിൽ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നതായി പ്രസിഡന്റ് കെ.എസ്. കോമു അറിയിച്ചു.