മൂവാറ്റുപുഴ: ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ മൂലമറ്രം പവർ ഹൗസിൽ നിന്നും മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് ഒഴിവാക്കുവാനായി വൈദ്യുതി ഉല്പാദനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജ് ഫയൽ ചെയ്യുമെന്ന് മൂവാറ്റുപുഴ താലൂക്ക് ഉപഭോക്തൃസമതി അറിയിച്ചു. മലങ്കര ഡാമിൽ നിന്നുള്ള നീരൊഴുക്ക് വർഷകാലത്ത് നിയന്ത്രിച്ചാൽ മൂവാറ്രുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവർ അനുഭവിക്കുന്ന വെള്ളപ്പൊക്കദുരിതം ഒഴിവാക്കുവാൻ കഴിയും. ഉരുൾപൊട്ടൽ മൂലം കാളിയാർ, കോതയാർ, പുഴകളിലൂടേയുള്ള അധിക ജലപ്രവാഹം ഉണ്ടാകുമ്പോൾ മലങ്കര ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചാൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം ഒഴിവാകുമെന്നും സമതി ചൂണ്ടിക്കാട്ടി . മാത്രമല്ല മൂവാറ്റുപുഴയാറിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണലും നീക്കുക, കായനാട് തടയണക്ക് വെന്റ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമതി മുന്നോട്ട് വക്കുന്നതായി അറിയിച്ചു. യോഗത്തിൽ അഡ്വ.. ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് നായർ, ഡോ. രവീന്ദ്രനാഥകമ്മത്ത്, എ.എസ്.സുരേഷ് എന്നിവർ സംസാരിച്ചു.