കൊച്ചി: എൺപതു ശതമാനത്തിലധികം ശാരീരികപരിമിതിയുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ നിവേദനം നൽകിയിട്ടും തീരുമാനമായില്ലെന്ന് സെക്രട്ടറി രാജീവ് പള്ളൂരുത്തി പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ എല്ലാ ക്ഷേമപെൻഷനുകളും100 രൂപ വീതം വർദ്ധിപ്പിച്ചെങ്കിലും 80 ശതമാനത്തിലധികം അംഗപരിമിതിയുള്ള ഭിന്നശേഷിക്കാരുടെ പെൻഷനിൽ മാത്രം വർദ്ധന ഉണ്ടായില്ല. അവർക്ക് മുൻപ് ലഭിച്ചു കൊണ്ടിരുന്ന 1300 രൂപ തന്നെയാണ് ഇപ്പോഴും കിട്ടുന്നത്. 80 ശതമാനം പരിമിതിയുള്ളവരുടെ പെൻഷൻ തുക കുറച്ചു വർഷങ്ങൾ മുൻപ് മറ്റുള്ളവരുടേതിനേക്കാൾ 300 രൂപ അധികമുണ്ടായിരുന്നു. ഗുരുതരമായ ശാരീരികപരിമിതി മൂലം ജോലി ചെയ്യാൻ കഴിയാത്തവരും അതുകൊണ്ടു തന്നെ മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരുമാണ് ഈ വിഭാഗം. അതിനാൽ 80 ശതമാനത്തിലധികം അംഗപരിമിതിയുള്ളവരുടെ പെൻഷൻ തുകയിൽ വർദ്ധനവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.