mask

കോലഞ്ചേരി: കണ്ണടക്കാർ മാസ്ക്ക് വച്ച് മങ്ങിയ കാഴ്ചകൾ കാണേണ്ട, താല്ക്കാലിക പ്രതിവിധിയുമായി ഡോക്ടർമാർ. കൊവിഡ് തുടങ്ങിയശേഷം മാസ്‌ക് ധരിക്കുന്നവരുടെ പ്രധാന പരാതിയാണ് കണ്ണടയിലുണ്ടാകുന്ന ബാഷ്പപടലം മൂലമുള്ള കാഴ്ച മങ്ങൽ. വായിക്കാനും ടിവി., മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകൾ നേരാംവണ്ണം നോക്കുന്നതിനും മങ്ങിയ കണ്ണട തടസമാകുന്നു. മാസ്ക്കിട്ട് വാഹനമോടിക്കുന്നവരും കഷ്ടപ്പാടിലാണ്. ഹെൽമെ​റ്റ് ധരിക്കുന്ന ഇരുചക്രവാഹനക്കാർക്കാണ് ഇത് കൂടുതൽ അപകടകരം.

ശസ്ത്രക്രിയാ മുറിയിൽ മാസ്ക്ക് ധരിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്‌നം കൂടിയാണിത്. ഇത് പരിഹരിക്കാൻ ഡോക്ടർമാർ പ്രയോഗിക്കുന്ന പൊടിക്കൈകൾ കൊവിഡ് കാലത്ത് കാഴ്ച മങ്ങൽ അഭിമുഖീകരിക്കുന്നവർക്കും സഹായകമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രയിലെ മെഡിക്കൽ ഓഫീസർ ഡോ.നീതു സുകുമാരൻ പറയുന്നു.


കണ്ണടധാരികൾ മാസ്ക്കും കൂടി ധരിക്കുമ്പോൾ ഉച്ഛ്വാസവായു കണ്ണടയിൽ തട്ടുന്നതാണ് പ്രശ്നം. ഇതൊഴിവാക്കാൻ മൂക്കിന്റെ പാലത്തിന്റെ മുകൾഭാഗത്തിനും അതിനടുത്ത തൊലിയോടും ചേർന്ന് മൈക്രോപോർ (പേപ്പർ പ്ളാസ്റ്റർ),ട്രാൻസ്‌പോർ (സർജിക്കൽ പ്ലാസ്​റ്റർ) ഇവ ഒന്നുപയോഗിച്ച് ഒട്ടിക്കണം. ഇത് മാസ്ക്കിന്റെ മുകൾഭാഗവും മൂക്കിന്റെ തൊലിക്കുമിടയിലൂടെ ഉച്ഛ്വാസവായുവിന് കടക്കാൻ മാർഗമില്ലാതാക്കുന്നു.കാഴ്ച മങ്ങുന്നത് തടയാൻ ഇതു സഹായിക്കും. കൂടാതെ കണ്ണട സോപ്പ് ലായനി ഉപയോഗിച്ച് നന്നായി കഴുകി ഉണക്കിയതിനുശേഷം ഉപയോഗിക്കുക.മാസ്‌കിന്റെ മുകൾഭാഗത്തിനും മൂക്കിന്റെ പാലത്തിനുമിടയിൽ മൃദുവായ ടിഷ്യു പേപ്പർ വെക്കുക. കൂടുതൽ നേരം ഉപയോഗിക്കേണ്ടി വരുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.