കൊച്ചി : നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അഞ്ചു കോടി രൂപ വേണമെന്നും നഗരസഭയുടെ തനതു ഫണ്ടിൽനിന്നോ അമൃത് പദ്ധതിയിൽ നിന്നോ തുക അനുവദിക്കണമെന്നും ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അമൃത് മിഷൻ ഡയറക്ടറെ കേസിൽ കക്ഷിചേർത്ത സിംഗിൾബെഞ്ച് അഞ്ച് കോടി രൂപ ലഭ്യമാക്കാൻ കഴിയുമോ എന്നറിയിക്കാനും നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം തേടിയെങ്കിലും വേണ്ട വിവരങ്ങൾ നഗരസഭ നൽകിയില്ലെന്ന് സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി.
വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും കോടതിയിൽ സംയുക്ത വിശദീകരണ പത്രിക നൽകിയിരുന്നു. എന്നാൽ നഗരസഭാ സെക്രട്ടറിയുടെ നടപടികൾക്ക് നഗരസഭ അംഗീകാരം നൽകിയിട്ടില്ലെന്ന് കൊച്ചി കോർപ്പറേഷന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയുടെ നിർദേശപ്രകാരം മഴക്കാലത്തിനു മുമ്പു ചെയ്യേണ്ട ജോലികൾ പലതും ചെയ്തതിനാൽ കഴിഞ്ഞ അഞ്ചുദിവസത്തെ മഴയിൽ വെള്ളക്കെട്ട് ഉണ്ടായില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
മുല്ലശേരി കനാൽ
ടെക്നിക്കൽ റിപ്പോർട്ടില്ലാതെ മുല്ലശേരി കനാലിന്റെ നവീകരണം നടത്താൻ കഴിയില്ലെന്ന് നഗരസഭയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ പറയുംവിധം എന്തുകൊണ്ട് മുല്ലശേരി കനാലിന്റെ ശുചീകരണം നടത്തുന്നില്ളെന്ന് നഗരസഭ പറയുന്നില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. 2000 - 2002 കാലയളവിൽ ഒരു സ്വകാര്യ കൺസൾട്ടൻസിയുടെ നിർദേശപ്രകാരം മുല്ലശേരി കനാലിന്റെ നടുഭാഗം ഉയർത്തി. വെള്ളം കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകാൻ കഴിയുന്ന വിധത്തിലാണ് ഇതുചെയ്തത്. എന്നാലിപ്പോൾ വെള്ളം എങ്ങോട്ടുമൊഴുകാനാവാത്ത നിലയിലായി. മുല്ലശേരി കനാൽ, അറ്റ്ലാന്റിസ് - വടുതല വരെയുള്ള 12 ലിങ്ക് കനാലുകൾ, പുഞ്ചത്തോട്, കാരിത്തോട് എന്നിവയുടെ ശുചീകരണം പൂർത്തിയാക്കിയില്ലെങ്കിൽ വെള്ളക്കെട്ട് തടയാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കലൂർ അറവുശാല
അറവുശാലയിലെ മാലിന്യങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നഗരസഭ നൽകിയില്ല. ഇതിനായി നഗരസഭയ്ക്ക് ഒരവസരം കൂടി നൽകുകയാണെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോൾ അറവുശാലയുടെ പ്രവർത്തനം, മാലിന്യനീക്കം തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
തേവര -പേരണ്ടൂർ കനാൽ
തേവര - പേരണ്ടൂർ കനാൽ ശുചീകരണത്തിന്റെ റിപ്പോർട്ടിൽ ഇപ്പോഴും അവ്യക്തതയുണ്ട്. നീക്കംചെയ്ത ചെളി എവിടേക്കാണ് മാറ്റിയതെന്ന് ഇനിയും വ്യക്തമായി പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിശദീകരിച്ച് നഗരസഭാ സെക്രട്ടറി സത്യവാങ്മൂലം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഹർജി ആഗസ്റ്റ് 21 ന് വീണ്ടും പരിഗണിക്കും.