തോപ്പുംപടി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 20 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു. മട്ടാഞ്ചേരി-12, ചെല്ലാനം - 6, ഫോർട്ടുകൊച്ചി-2. പള്ളുരുത്തി, തോപ്പുംപടി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിൽ ഇന്നലെ പൊലീസ് പരിശോധന കർക്കശമാക്കി. അനാവശ്യമായി എത്തിയവർക്കും ബൈക്കിൽ പുറകിൽ ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ചവർക്കും പിഴ ഈടാക്കി. പിടിച്ചെടുക്കുന്ന വാഹനങ്ങൾ 3 ദിവസം കഴിഞ്ഞ് മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ. പിഴ അടക്കാൻ പള്ളുരുത്തി സ്റ്റേഷനിൽ യുവാക്കളുടെ നീണ്ട നിരയായിരുന്നു. എന്നാൽ തോപ്പുംപടിയിൽ ചിലർക്ക് യാത്രപോകാൻ മൗനാനുവാദം നൽകിയതായും മറ്റു ചിലരെ മടക്കി അയച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ യാതൊരുവിധ ആനുകൂല്യങ്ങളും നൽകരുതെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശിച്ചിരിക്കുന്നത്.