മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗത്തിന്റെ സമൂഹ വ്യാപനത്തെ തുടർന്ന് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഇന്നലെ മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റീജൻ ടെസ്റ്റിന് തുടക്കമായി. ആയവന ഗ്രാമപഞ്ചായത്തിലെ പകൽ വീടിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ടെസ്റ്റ് നടന്നത്. ജില്ലാ മെഡിക്കൽ സംഘമാണ് ആന്റീജൻ ടെസ്റ്റിന് നേതൃത്വം നൽകുന്നത്.ആന്റീജൻ ടെസ്റ്റ് നടക്കുന്ന പകൽ വീടിൽ എൽദോ എബ്രഹാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിഗതികൾ വിലയിരുത്തി.
രണ്ട് പേർക്ക് രോഗം സ്ഥിതീകരിച്ചു
ഇന്നലെ 93 പേരുടെ ആന്റീജൻ ടെസ്റ്റ് നടത്തി. ഇതിൽ രണ്ട് പേർക്ക് പോസ്റ്റീവ് ആയതിനെ തുടർന്ന് ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. പരിശോധനക്കായി എത്തിയ 93 പേരുടെയും സ്രവ പരിശോധന നടത്തുന്നതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി അറിഞ്ഞതിന് ശേഷമാണ് ഇവരുടെ ക്വറന്റൈയിൻ ഒഴിവാകുകയുള്ളൂ. ഇനി മൂന്ന് ദിവസം കഴിഞ്ഞാണ് അടുത്ത ആന്റീജൻ ടെസ്റ്റ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിൽ ഇതോടെ 46- പേർക്കാണ് രോഗം സ്ഥിതികരിച്ചത്. 3, 4, 5, 13 വാർഡുകളിലെ ആളുകൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പ്രൈമറി കോണ്ടാക്ടിലുള്ള ആളുകളെല്ലാംക്വറന്റൈയിനിലാണ്.