solar
കച്ചേരിപ്പടി എക്സൈസ് സോണൽ ഓഫീസിൽ സ്ഥാപിച്ച സൗരോർജ സംവിധാനം

കൊച്ചി: കേന്ദ്ര സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ (സി.എസ്.എം.എൽ ) ആഭിമുഖ്യത്തിൽ കച്ചേരിപ്പടി എക്സൈസ് സോണൽ ഓഫീസിൽ സൗരോർജ സംവിധാനം സ്ഥാപിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിലെ സർക്കാർ സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ സരോർജ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് എക്സൈസ് ഓഫീസിൽ ഇതു സ്ഥാപിച്ചത്. 40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിൽ 133 സൗരോർജ പാനലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എക്സൈസ് വകുപ്പിലെ പത്ത് ഓഫീസുകൾക്കും വിമുക്തി കൗൺസലിംഗ് കേന്ദ്രത്തിനും ആവശ്യമായ വൈദ്യുതി ഇതിൽനിന്ന് ലഭിക്കും. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ ഗ്രേസി ബാബു ജേക്കബ് നിർവഹിച്ചു. ജോ.എക്സൈസ് കമ്മീഷണർ കെ.സുരേഷ്‌ബാബു, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എ. അശോക്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.