klcy
ഗബ്രിയേൽ ബെൻ കുര്യൻ

കോലഞ്ചേരി: ഗബ്രിയേൽ പന്തെറിയും വിരാട് കോലി അടിച്ചു പറത്തും. ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സിന്റെ ബംഗളുരുവിലെ പരിശീലന കേന്ദ്രത്തിൽ നെറ്റ് ബൗളറായി കോലഞ്ചേരി സ്വദേശി ഗബ്രിയേൽ ബെൻ കുര്യൻ എന്ന 23 കാരൻ.

ഗബ്രിയേലിന്റെ വ്യത്യസ്തമായ 'ചിനമൺ' ആക്ഷനാണ് ഇതു വരെ എത്തിച്ചത്. ഇടംകൈ കൊണ്ട് വ്യത്യസ്ത ആക്ഷനിൽ ബാറ്റ്സ്മാൻമാർക്ക് സംശയമുണ്ടാക്കത്തക്കവിധം പന്തെറിയുന്നതാണ് ചിനമൺ ആക്ഷൻ. ഇത്തരത്തിൽ പന്തെറിയുന്നവർ അപൂർവ്വമാണ്.

എറണാകുളം അണ്ടർ 19 ടീമംഗമായിരുന്നു ഈ ഇടംകൈയ്യൻ ബൗളർ. കോലിക്കൊപ്പം എ.ബി ഡെവില്ലിയേഴ്സും ഗബ്രിയേലിന്റെ പന്താണ് ഫെയ്സ് ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഇടം കൈയ്യൻ ബൗളർമാർ അപൂർവ്വമായതാണ് ഈ ഒരു ഭാഗ്യം ഗബ്രിയേലിനെ തേടിയെത്താൻ കാരണം. നേരത്തെ തമിഴ്നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്സിനു വേണ്ടി പന്തെറിഞ്ഞ പരിചയവുമുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടുവിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റ് കമ്പം മൂത്ത് കളിയിലേയ്ക്കിറങ്ങിയത്. പിന്നീട് ജില്ലാ ജൂനിയർ ടീമിനു വേണ്ടി കളിച്ചു. യു.എ.ഇ യിൽ നടക്കുന്ന ഐ.പി.എല്ലിന്റെ മുന്നോടിയായുള്ള പരിശീലനമാണ് ബംഗളുരുവിൽ നടക്കുന്നത്.