sivasankar-swapna

കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെന്നും വീണ്ടും ചോദ്യം ചെയ്യണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആവശ്യപ്പെട്ടതോടെ മറ്റൊരു കുരുക്ക് കൂടി മുറുകുന്നു. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്തത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. പെട്ടിമുടി ദുരന്തമുണ്ടായ ദിവസമാണെന്ന് സൂചനയുണ്ട്.

നേരത്തെ ശിവശങ്കറിനെ എൻ.ഐ.എ കൊച്ചിയിൽ വിളിച്ചുവരുത്തി രണ്ടു ദിവസം മുഴുവനും ചോദ്യം ചെയ്തിരുന്നു. അതിനു മുൻപ് കസ്റ്റംസ് തിരുവനന്തപുരത്ത് അഞ്ചു മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. അന്ന് വിട്ടയച്ചെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച് വേണ്ടിവന്നാൽ വീണ്ടും ചോദ്യം ചെയ്യാനാണ് രണ്ട് അന്വേഷണ ഏജൻസികളുടെയും ശ്രമം. അതിനിടെയാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവുമുന്നയിക്കുന്നത്.

സ്വർണക്കടത്തിലെ കള്ളപ്പണ ഉപയോഗം, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് ഇ.ഡി അന്വേഷിക്കുന്നത്. അറസ്റ്റുണ്ടായാൽ ആറു മാസം വരെ ജാമ്യം കിട്ടില്ല.

സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യണമെന്ന് ഇ.ഡി അസി. ഡയറക്ടർ പി. രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടത്.

ശിവശങ്കറുമായുള്ള അടുപ്പം സ്വപ്‌ന ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയുടെ വിശ്വാസ്യത സംശയകരമാണെന്ന് ശിവശങ്കറിന് പൂർണമായും അറിയാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വർണക്കടത്തിൽ കെ.ടി. റമീസിന്റെ പങ്കും സ്വപ്നയും സന്ദീപും സരിത്തും ഇ.ഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വരുത്തണം. മുഖ്യമന്ത്രിയുടെ ഒാഫീസിൽ കാര്യമായ സ്വാധീനമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.

സ്വപ്ന, ശിവശങ്കർ കൂടിക്കാഴ്ച യു.എ.ഇയിലും

യു.എ.ഇയിലെ ഇന്ത്യക്കാരിൽ നിന്ന് പ്രളയ ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ സർക്കാർ മെഷിനറി 2018 ഒക്ടോബർ 17 മുതൽ 21 വരെ അവിടെയുണ്ടായിരുന്നു. സ്വപ്‌ന ഇക്കാലയളവിൽ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇൗ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. സ്വപ്നയടക്കമുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അപേക്ഷ പരിഗണിച്ച് മൂന്നു പേരെയും തിങ്കളാഴ്ചവരെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. 7 ദിവസം ചോദ്യം ചെയ്തശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയാണ് ഇന്നലെ കസ്റ്റഡി നീട്ടിവാങ്ങിയത്.