കൊച്ചി: പ്ലസ് വൺ പ്രവേശനത്തിൽ അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി നൽകിയതോടെ വിദ്യാർത്ഥികൾ ആശ്വാസത്തിലാണ്. അപേക്ഷാ തീയതി ഇന്നലെ അവസാനിരിക്കെയാണ് 20 വരെ സമയം നീട്ടി നൽകിയത്. ജില്ലയിലിതുവരെ 38420 പേരാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 38015 അപേക്ഷകൾ സ്വീകരിച്ചു. ബാക്കി അപേക്ഷകൾ അപൂർണമാണ്. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആകെ സീറ്റുകളിൽ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കം നിൽകുന്ന മുന്നാക്ക സമുദായങ്ങൾക്ക് സംവരണംചെയ്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. അപേക്ഷകർക്ക് ഇതിനുള്ള വിവരങ്ങൾകൂടി ഉൾപ്പെടുത്താനാണ് തീയതി നീട്ടിയത്.
അപേക്ഷകൾ അന്തിമമായി നൽകിയശേഷം കാൻഡിഡേറ്റ് ലോഗിൻ തയ്യാറാക്കി അതിലുള്ള പ്രത്യേക ലിങ്കിലൂടെ സംവരണ വിവരങ്ങൾ സമർപ്പിക്കാം. സംവരണം സംബന്ധിച്ച വിവരങ്ങൾ പ്രവേശന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനിൽ അപേക്ഷിച്ച ശേഷം 'ഇക്കണോമിക്കലി വീക്കർ സെക്ഷൻ ഡീറ്റെയിൽസ് എൻട്രി' എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫിസിൽ നിന്നാണു സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
എസ്.എസ്.എൽ.സി വിജയിച്ചവർക്ക് പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളും അപേക്ഷ സർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 32,561സീറ്റുകളിലാണ് ഓൺലൈൻ പ്രവേശനം.
മൊബൈലിലൂടെയും വിവരങ്ങൾ നൽകാൻ സാധിക്കുന്നതിനാൽ വീട്ടിലിരുന്നാണ് കൂടുതൽപേരും അപേക്ഷിച്ചത്. സ്‌കൂളുകളിൽ എൻ.എസ്.എസ്, ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച സഹായ സെന്ററുകളുടെ സഹായത്താലും അപേക്ഷകൾ സമർപ്പിച്ചു. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന കാൻഡിഡേറ്റ് ലോഗിംഗിലൂടെയാണ് തുടർന്നുള്ള നടപടികൾ. ട്രയൽ അലോട്ട്‌മെന്റിൽ തുടങ്ങി സപ്ലിമെന്ററി അലോട്ടുമെന്റുകളിൽ ഘട്ടങ്ങളായാണ് പ്രവേശനം.
ജില്ലയിലാകെ 209 സ്‌കൂളുകളിലായി 32539 സീറ്റുകളാണുള്ളത്. ഇതിൽ 18359 സയൻസ്, ഹ്യുമാനിറ്റീസ് 4150, കോമേഴ്‌സ് 10000 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. മെറിറ്റ്, നോൺ മെറിറ്റ്, സ്‌പോർട്‌സ് ക്വാട്ടകളിലാണ് പ്രവേശനം.
തീയതികളിൽ മാറ്റം
ട്രയൽ അലോട്ട്മെന്റ സെപ്തംബർ നാല്
ആദ്യ അലോട്ട്മെന്റ് സെപ്തംബർ ഏഴ്
മുഖ്യ അലോട്ട്മെന്റ് സെപ്തംബർ 29.
സപ്ലിമെന്ററി അലോട്ട്മെന്റ് ഒക്ടോബർ 3 മുതൽ 23 വരെ
സ്‌പോർട്‌സ് ക്വോട്ട അപേക്ഷ 25 വരെ
അപേക്ഷ സമർപ്പിച്ചവർ
ആകെ 38420
സ്വീകരിച്ചത് 38015
എസ്.എസ്.എൽ.സിക്കാർ 31518
സി.ബി.എസ്.ഇക്കാർ 5014
ഐ.സി.എസ്.ഇക്കാർ 617
മറ്റുള്ളവർ 866
നേരത്തെ അപേക്ഷ
സമർപ്പിച്ചവർ ദുരിതത്തിൽ
ഉത്തരവ് വരുന്നതിന് മുമ്പ് അപേക്ഷ അയച്ചവർക്ക് സംവരണ വിവരങ്ങൾ ഉൾപ്പെടുത്താൻ വീണ്ടും ലോഗിൻ ചെയ്യാൻ ഒ.ടി.പി. നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതിയുണ്ട്. അക്ഷയ സെന്ററുകളിൽ അപേക്ഷ നൽകിയപ്പോൾ ഫോൺ നമ്പർ ഉൾപ്പെടുത്തിയതിൽ തെറ്റു സംഭവിച്ചവർക്കും ഫോൺ നഷ്ടപ്പെട്ടു പോയവർക്കുമാണ് കഷ്ടപ്പാട്.