കൊച്ചി : തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനു കുറുകേയുള്ള കനാലും ഇതിനോടു ചേർന്നു കോണത്തുപുഴ റോഡുവരെയുള്ള കണ്ണങ്കേരി തോടും ശുചീകരിക്കണമെന്ന ഹർജിയിൽ തൃപ്പൂണിത്തുറ നഗരസഭയും റെയിൽവെ അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രദേശവാസികളായ പി.വൈ. ജേക്കബ്, പി.വൈ. ജോൺസൺ, പി.എം. ബോബൻ എന്നിവർ കനാലിലും തോട്ടിലും നീരൊഴുക്ക് നിലച്ചതോടെ റെയിൽവെ പരിസരം മഴപെയ്താൽ മുങ്ങുന്ന സ്ഥിതിയിലാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.

തൃപ്പൂണിത്തുറയിൽ പാടംനികത്തി റെയിൽവെ സ്റ്റേഷൻ നിർമ്മിച്ചപ്പോൾ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ഇവിടെ കലുങ്ക് നിർമ്മിച്ചിരുന്നു. രണ്ടാമത്തെ പ്ളാറ്റ്ഫോമിന്റെ നിർമ്മാണസമയത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഇതടഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. ഇതാണ് വെള്ളക്കെട്ടിന് കാരണമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നഗരസഭയുടെയും റെയിൽവെയുടെയും എൻജിനിയർമാർ സ്ഥലംസന്ദർശിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കി നഗരസഭാ സെക്രട്ടറിക്കും റെയിൽവെയുടെ ഏരിയ മാനേജർക്കും നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഇരുകൂട്ടരും പരസ്പരം പഴിചാരാതെ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.