ആലുവ: കൊവിഡ് വ്യാപനത്തെ തുടർച്ച് ഒരു മാസം മുമ്പ് അടച്ചുപൂട്ടിയ ആലുവ ജനറൽ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മന്ത്രി വി.എസ്. സനിൽകുമാർ ക്വാറന്റൈനിലായതിനെ തുടർന്ന് നടന്നില്ല. കരിപ്പൂർ വിമാനത്താവളം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രി ക്വാറന്റൈനിലായതെന്നാണ് വിവരം. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അൻവർസാദത്ത് എം.എൽ.എ, വ്യാപാര സംഘടനാ പ്രതിനിധികൾ, നഗരസഭ അധികൃതർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി വൈകീട്ട് അഞ്ചിന് ഓൺലൈൻ യോഗം ചേരാനാണ് നിശ്ചയിച്ചിരുന്നത്.

അതേസമയം, ആലുവ സി.ഐ എൻ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ആലുവ പൊലീസ് സ്റ്റേഷനിൽ വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. പച്ചക്കറി, മത്സ്യം മാർക്കറ്റുകളിലെ ഒന്ന് വീതം ഉടമ പ്രതിനിധികൾ, മർച്ചന്റ്സ് അസോസിയേഷന്റെ രണ്ട് പ്രതിനിധികൾ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.