കൊച്ചി: കൊവിഡ് ഭീഷണിക്കിടയിലും ജില്ലയിൽ എലിപ്പനി വ്യാപിക്കുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് രോഗം പടരുന്നതിന് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം ജില്ലയിൽ എലിപ്പനി സംശയിക്കുന്ന 153 കേസുകളും 9 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് ഒരാളുടെ മരണം സ്ഥിരീകരിച്ചു. പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു പേരുടെ മരണകാരണം എലിപ്പനിയാണെന്ന് സംശയിക്കപ്പെടുന്നു.
ജനടപടികൾ ഊർജിതം
ജില്ലയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. കാർകഷിക മേഖലയിൽ ജോലി ചെയ്യുന്നവർ, ക്ഷീരകർഷകർ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ എലിപ്പനി ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവരുടെ ജോലി വിവരങ്ങളും പ്രാഥമിക വിവരങ്ങളും ചോദിച്ചറിഞ്ഞ് അപകട സാദ്ധ്യത കൂടുതലുള്ള വിഭാഗങ്ങളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കും. ജോലി സ്ഥലങ്ങളിൽ നിന്ന് എലിപ്പനി ബാധയുണ്ടാകുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ നടപടികൾ സ്വീകരിക്കും.
രോഗം വരുംവിധം
രോഗാണുവാഹകരായ മൃഗങ്ങളുടെ (എലി, നായ, പൂച്ച, കന്നുകാലികൾ) മൂത്രം കലർന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കൾ ശരീരത്തിലെ മുറിവുകൾ, പോറലുകൾ, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലെ നേർത്ത ത്വക്കിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് പ്രധാനലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളാണ്
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൃഷിപ്പണിയിലേർപ്പെട്ടിരിക്കുന്നവർ, കന്നുകാലികളെ പരിപാലിക്കുന്നവർ, ശുചീകരണത്തിലേർപ്പെടുന്നവർ എന്നിവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ കൈയുറയും കട്ടിയുള്ള റബർ ബൂട്ടും ധരിക്കണം. കൈകാലുകളിൽ മുറിവുള്ളപ്പോൾ ഇത്തരം ജോലികളിൽ ഏർപ്പെടാതിരിക്കുക. ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക. ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുക.
ആറുമാസത്തെ എലിപ്പനി കണക്ക്
മാസം - രോഗികളുടെ എണ്ണം
മാർച്ച് -5
ഏപ്രിൽ - 19
മേയ് -26
ജൂൺ - 35
ജൂലായ് -46
ആഗസ്റ്റ് 11 വരെ - 11
ഉടൻ ചികിത്സയ തേടണം
"കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഡോക്സിസൈക്ളിൻ പ്രതിരോധ ഗുളിക കഴിക്കണം. പനിയോ ക്ഷീണമോ വന്നാൽ ഉടൻ ചികിത്സ തേടണം. "
ഡോ. വിനോദ്
ജില്ലാ സർവയലൻസ് ഓഫീസർ
എറണാകുളം