കൊച്ചി: ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെ തീരത്തിന്റെ സംരക്ഷണത്തിന് കൊച്ചി, ആലപ്പുഴ ലത്തീൻ കത്തോലിക്കാ രൂപതകൾ കെ.ആർ.എൽ.സി.സിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കും. ആദ്യഘട്ടമായി തീരസംരക്ഷണത്തിന് പുതിയ നിർദേശങ്ങളുമായി രൂപപ്പെടുത്തിയ ജനകീയ രേഖ ആഗസ്റ്റ് 21ന് ചർച്ച ചെയ്യും.ഓൺലൈനിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ശാസ്ത്രജ്ഞർ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ജനകീയരേഖ സമർപ്പിക്കും. ജനകീയരേഖ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനത്ത് കാര്യാലയം തുറക്കാനും നിശ്ചയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റും കൊച്ചി ബിഷപ്പുമായ ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപ്പറമ്പിൽ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, കടൽ ഡയറക്ടർ ഫാ. അന്റോണിറ്റോ പോൾ, ജോസഫ് ജൂഡ്, രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാരായ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. മരിയാൻ അറക്കൽ, കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡാൽഫിൻ ടി.എ, പൈലി ആലുങ്കൽ, ടി.ജി. ബ്രിട്ടോ, ക്രിസ്റ്റി ചക്കാലക്കൽ, ഫാ. അലക്‌സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ. ജോൺ തുണ്ടിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.