മരട്: വീട് പണിയാനുള്ള പ്ലാനിന് അനുമതിനൽ കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും,പട്ടികജാതി വികസനവകുപ്പ് മന്ത്രി,​ജില്ലാ കളക്ടർ,​ എന്നിവർക്ക് വീട്ടുടമ പരാതി നൽകി. മോസ്ക്റോഡ് റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന അയ്യപ്പൻ മാസ്റ്റ്റോഡിലെ മണ്ടാത്ര വീട്ടിൽ എം.കെ.ആനന്ദനാണ് പരാതി നൽകിയത്.സ്വയരക്ഷയെ കരുതി ഇടിഞ്ഞു വീഴാറായ വീട് പൊളിക്കുകയും പിന്നീട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്ലാനിന് മരട് നഗരസഭ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് പരാതി. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമിയാണെന്ന് കാട്ടി അനുമതി വൈകിപ്പിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.ലൈഫ് മിഷനിൽ അപേക്ഷിക്കുവാനുള്ള സമയപരിധി ആഗസ്റ്റ് 27ആണ്.മുനിസിപ്പൽ അധികാരികളെ പലവട്ടംകണ്ട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്. അതേസമയം ലൈസൻസില്ലാത്തയാൾ വരച്ചബിൽഡിംഗ് പ്ളാനാണ് സമർപ്പിച്ചിട്ടുള്ളതെന്നും പ്ളാനിലെ ന്യൂനതകൾ പരിഹരിച്ച്കൊടുക്കുവാൻ ആവശ്യയപ്പെട്ട് നോട്ടീസ് കൊടുത്തിട്ട് ആനന്ദൻ പ്രതികരിച്ചിട്ടില്ലെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.