കൊച്ചി: ആഭ്യന്തര, വൈദേശിക ഭീഷണികൾ നേരിടുന്ന കടൽത്തീരത്ത് സുരക്ഷ ഉറപ്പാക്കാൻ സംയുക്ത നിരീക്ഷണത്തിന് കോസ്റ്റ് ഗാർഡ് കർമ്മപദ്ധതികളും പരിശീലനവും സംഘടിപ്പിക്കും. കടൽ മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെ സുരക്ഷയും പദ്ധതിയുടെ ഭാഗമാണ്.
തീരപ്രദേശങ്ങളിൽ എപ്പോഴും നിരീക്ഷണം നടത്തുന്നതിന് ജോയിന്റ് കോസ്റ്റൽ പട്രോളിംഗ് (ജെ.സി.പി) സംവിധാനമാണ് ഒരുക്കുന്നത്. തീരരക്ഷക്ക് പ്രവർത്തിക്കുന്ന മറൈൻ പൊലീസിന് ആവശ്യമായ പരിശീലനം കോസ്റ്റ് ഗാർഡ് നൽകും. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളിലും മറ്റു യാനങ്ങളിലുമാണ് പരിശീലനം നൽകുന്നത്. കപ്പലുകളിൽ വിവിധ തരണം പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം നൽകി കടലിലെ സ്ഥിതിഗതികളിൽ പ്രവർത്തിക്കാൻ സജ്ജമാക്കും. സുരക്ഷ, നാവിഗേഷൻ, നടപടിക്രമങ്ങൾ, നിയമപരിപാലനം, രക്ഷാപ്രവർത്തനം, അന്വേഷണം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. കടലിലെ കലുഷിതമായ അന്തരീക്ഷത്തിലും പ്രവർത്തിക്കുന്നതിന് പരിശീലനം നൽകും. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലെ മറൈൻ പൊലീസിനും പരിശീലനം നൽകുമെന്ന് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.
വിവിധ ഏജൻസികൾ ഒരുമിച്ച്
നാവകസേന, കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് തുടങ്ങിയ വിവിധ ഏജൻസികൾ സംയുക്തമായ നടത്തുന്ന പ്രവർത്തനങ്ങൾക്കും സജ്ജമാക്കും. വിവിധ ഏജൻസികൾ തമ്മിൽ ആശയവിനിമയം ഉൾപ്പെടെ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യം. കടലിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും യോജിച്ച് പ്രവർത്തിക്കും.
സംയുക്ത പട്രോളിംഗ് സംവിധാനം നിലവിൽ വരുന്നതോടെ മറൈൻ പൊലീസിന്റെ പ്രവർത്തന മികവ് വർദ്ധിക്കുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതുവഴി തീരദേശ സുരക്ഷ കൂടുതൽ ശക്തവും ഭദ്രവുമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെല്ലുവിളികൾ പലത്
ഇന്ത്യൻ സമുദ്രത്തിൽ വിദേശ കപ്പലുകളുണ്ടാക്കുന്ന അപകടങ്ങൾ, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ചെറുക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇവയിൽ സംസ്ഥാന സേനകളുടെ സഹകരണവും പിന്തുണയും വിവരങ്ങൾ കൈമാറലും കൂടുതൽ വർദ്ധിപ്പിക്കുകയാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്. കോസ്റ്റ് ഗാർഡിന്റെ കൊച്ചി സ്റ്റേഷനാണ് ദൗത്യങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.