sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ശനിയാഴ്ച അഞ്ചര മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ചു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.സ്വപ്‌ന സുരേഷിന്റെ ഹവാല ഇടപാടുകൾ, വിദേശനാണയ വിനിമയചട്ട ലംഘനം എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്‌നയെ പരിചയമുണ്ടെങ്കിലും അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നേരത്തെ വിവിധ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിൽ ശിവശങ്കർ ഉറച്ചു നിന്നു.തിരുവനന്തപുരത്തെ ബാങ്കിൽ സ്വപ്‌നയ്ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടിനെ ഏർപ്പാടാക്കി നൽകുക മാത്രമാണ് ചെയ്തത്. അക്കൗണ്ട് വിവരങ്ങൾ അറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് പൂർത്തിയായതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കി. പ്രതികളുടെ മൊഴികളുമായി വിശകലനം ചെയ്തശേഷം പൊരുത്തക്കേടുണ്ടെങ്കിൽ ശിവശങ്കറിനെ വീണ്ടും വിളിച്ചു വരുത്തും, ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ പ്രതികളായ സ്വപ്‌ന, സന്ദീപ് നായർ, സരിത്ത് എന്നിവരും എൻഫോഴ്സുമെന്റിന്റെ കസ്‌റ്റഡിയിലുണ്ടായിരുന്നു. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും.