കൊച്ചി: പ്രളയഭീതിയ്ക്കും കൊവിഡ് മഹാമാരിയ്ക്കും നടുവിൽ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീക്ഷയേകി പുതിയൊരു ചിങ്ങം പുലർന്നു. പ്രതിസന്ധികളിലൂടെ മലയാളി കടന്നു പോവുന്നതിനാൽ ഉത്സവത്തിന്റെ ആരവമില്ലാതെയാണ് ചിങ്ങം എത്തുന്നത്. ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്.

കർക്കിടം പെയ്‌തൊഴിയുമ്പോൾ പ്രതിസന്ധികൾക്കും മാറാവ്യാധിയ്ക്കും അപ്പുറം പുത്തൻ പിറവിയുണ്ടെന്ന് ഓർമ്മപ്പെടുത്തിയാണ് ചിങ്ങമെത്തുന്നത്. 22 ന് അത്തം പുലരും. 31 നാണ് തിരുവോണം.
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കെ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. അതിനാൽ തന്നെ ഓണവുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികൾക്കും നിയന്ത്രണങ്ങളുണ്ട്. ഓണത്തിന്റെ വരവറിയിച്ചുള്ള 22 ന് തൃപ്പൂണിത്തുറയിൽ നടത്തേണ്ടിയിരുന്ന അത്തച്ചമയം കഴിഞ്ഞ വർഷത്തേതു പോലെ നടത്തേണ്ടെന്ന തീരുമാനത്തിലാണ് ആഘോഷക്കമ്മിറ്റി. കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം.
ഓണത്തോടനുബന്ധിച്ചുള്ള കച്ചവടങ്ങൾക്കും ഓണം ഫെയറുകളും ഇക്കുറി ഉണ്ടാകില്ല. മുൻ വർഷങ്ങളിൽ ചിങ്ങം ഒന്നു മുതൽ തന്നെ എറണാകുളത്തപ്പൻ മൈതാനം, മറൈൻ ഡ്രൈവ് തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഓണം വിപണനമേളകൾ നടന്നിരുന്നു.ചിങ്ങം ഒന്നിന് ക്ഷേത്ര ദർശനം ആചാരങ്ങളുടെ ഭാഗമാണെങ്കിലും ഇക്കുറി നിയന്ത്രണങ്ങൾ പാലിക്കണം. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരെ പ്രവേശിപ്പിക്കാതെ ക്ഷേത്ര ചടങ്ങുകളിൽ മാത്രമാവും ആഘോഷം. ഓണസദ്യ ഒരുക്കുന്ന പതിവും ഇക്കുറി ക്ഷേത്രങ്ങളിലും ഉണ്ടാകില്ല.