കോലഞ്ചേരി: പാഴ് വസ്തുക്കൾകൊണ്ട് വലിയ വാഹനങ്ങളുടെ ചെറു രൂപമുണ്ടാക്കുന്ന തിരക്കിലാണ് മേക്കടമ്പ് കണിവീട്ടിൽ പ്രദുൽ എന്ന ഇരുപത്തിഎട്ടുകാരൻ. ലോക്ക് ഡൗണിലെ വിരസതയകറ്റാൻ തുടങ്ങിയ മിനിയേച്ചർ കമ്പം പ്രദുലിനെ ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ താരമാക്കിയിരിക്കുകയാണ്. സ്ഫടികം സിനിമയിലെ ആടുതോമയുടെ ലോറിയും കെ.എസ്.ആർ.ടി.സി.യുടെ പുതിയ സൂപ്പർ ഫാസ്റ്റ് ബസും, തിരുവനന്തപുരം സിറ്റി സർവീസും, എൻഫീൽഡ് ബുള്ളറ്റുമുൾപ്പടെ നിരവധി വാഹനങ്ങളുടെ മിനിയേച്ചർ ഇതിനോടകം പ്രദുൽ നിർമ്മിച്ചു കഴിഞ്ഞു. വാഹനങ്ങളോടുള്ള കമ്പം തന്നെയാണ് പ്രദുലിനെ വലിയ ലോകത്തിലെ ചെറിയ വാഹനങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്.നിപ്പോൺ ടൊയോട്ടയുടെ മൂവാറ്റുപുഴ ഷോറൂമിലെ ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പിലെ ജീവനക്കാരനാണ്.ചേലാട് പോളിയിൽ നിന്നും ഇല്കട്രോണിക്സിൽ ഡിപ്ളോമ എടുത്ത പ്രദുലിന് വാഹനങ്ങളോടുള്ള കമ്പം തന്നെയാണ് ഇത്തരമൊരു ജോലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ഓർജിനലിനെ വെല്ലും
പാഴ് വസ്തുക്കളിൽ നിന്ന് ഏറെ ശ്രദ്ധയോടെയാണ് പ്രദുൽ വാഹനങ്ങൾ നിർമ്മിക്കുന്നത്. മൾട്ടി വുഡാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്ഫടികം ലോറിയാണ് ആദ്യമുണ്ടാക്കിയത്. ഇതിനായി വർക്ക്‌ഷോപ്പുകളിലും മറ്റും നിർത്തിയിട്ടിരുന്ന ലോറികൾ കണ്ടെത്തി രൂപകല്പന പഠിച്ചു. ഇതിനു ശേഷമാണ് കെ.എസ്.ആർ.ടി.സി യുടെ സൂപ്പർ ഫാസ്റ്റ് ബസ് നിർമ്മിച്ചത്. ബസിലെ സീറ്റുകളുടെ അകലം, എണ്ണം, രണ്ടു വാതിലുകൾ, ഡ്രൈവിംഗ് കാബിൻ,സ്റ്റിയറിംഗ്, ടയറുകൾ, വാഹനത്തിനകത്തും,പുറത്തും ലൈറ്റുകളടക്കം ബസിനുണ്ട്. ഓർജിനലിനെ കടത്തി വെട്ടുന്നതാണ് ഓരോ നിർമ്മിതിയും.
എല്ലാം സൂപ്പറാകണം
പ്രദുലിന്റെ പിതാവ് സുകുമാരൻ പെരുമറ്റത്തെ ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. അച്ചനോടൊപ്പം വർക്ക് ഷോപ്പിലെത്തുമ്പോൾ തുടങ്ങിയ നിരീക്ഷണമാണ് ലോക്ക് ഡൗണിൽ മിനിയേച്ചറുകളെ ഒറിജിനലിനെ വെല്ലുന്ന രൂപമാക്കി മാറ്റാൻ കഴിഞ്ഞതെന്നാണ് പ്രദുൽ പറയുന്നത്. അടുത്ത സുഹൃത്തുക്കൾക്കാണ് മിനിയേച്ചറുകൾ ആദ്യം സമ്മാനിച്ചത്. ഭംഗി കണ്ട് നിരവധി പേർ അവരുടെ വാഹനങ്ങളുടെ മിനിയേച്ചർ ഉണ്ടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നുണ്ട്. നിലവിൽ സുഹൃത്തിനു വേണ്ടി എൻഫീൽഡ് ബുള്ളറ്റിന്റെ പണിപ്പുരയിലാണ്. എല്ലാം ഒറിജിനലാക്കണം അതിനു വേണ്ടി എത്ര സമയം ചെലഴവിക്കാനും പ്രദുൽ തയ്യാറാണ്.