പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ പുഞ്ചക്കുഴി തോട്ടിൽ ഇത്തവണ വെള്ളക്കെട്ട് ഒഴിവായി. തോട് വീതിയും ആഴവും വർദ്ധിപ്പിച്ചതോടെയാണ് കാലങ്ങളായുള്ള വെള്ളക്കെട്ട് മാറിയത്. മുടക്കുഴ പഞ്ചായത്തിൽ നിന്നും വരുന്ന പുഞ്ചക്കുഴി തോട് കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ അഞ്ച്,ഏഴ്, എട്ട് എന്നീ മൂന്ന് വാർഡുകളിലൂടെയാണ് കടന്ന് പോകുന്നത്.പഞ്ചായത്ത് അതിർത്തിക്കുള്ളിൽ 3.5 കി. മീ നീളവും 8 മീറ്റർ വീതിയുമുണ്ട്. കാലാനുസൃതമായ പുനർ നിർമ്മാണ ജോലികൾ നടക്കാത്തത് മൂലം കാട് കയറി മണ്ണ് വന്ന് നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്നു.മഴ വന്നാൽ പാടങ്ങളിൽ വെള്ളക്കെട്ടായിരുന്നു ഫലം. ഇത് മൂലം നെൽകൃഷി പാടേ കർഷകർക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തോട് വീതിയും ആഴവും വർദ്ധിപ്പിച്ചതോടെ വെള്ളക്കെട്ടൊഴിവായി.
തോട് വീതി കൂട്ടിയതോടെ വെള്ളക്കെട്ട് ഒഴിഞ്ഞു
മുൻ വർഷം പ്ലാൻ ഫണ്ടിൽപ്പെടുത്തി കൂവപ്പടി ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ പദ്ധതി രൂപികരിച്ച് പാടശേഖര സമിതിയുടെ സഹകരണത്തോടെ തോട് വീതിയും ആഴവും വർദ്ധിപ്പിച്ചത്. മേജർ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് കൂടി ലഭിച്ചതോടെ 3 കി.മീ നീളത്തോളം തോട് പുനർ നിർമ്മിക്കാനായി. ഇതോടെ വെള്ളക്കെട്ടിൽ നിന്നും പാടശേഖരത്തിന് മോചനമായി.
ഇനിയും വീതി കൂട്ടാനുണ്ട്
പെരിയാർ നദിയിൽ പതിക്കുന്ന തോടിന്റെ അവസാന ഭാഗത്തെ 500 മീ കൂടി ഇനിയും വീതി കൂട്ടി ആഴം കൂട്ടാനുണ്ട്. ഇത് കൂടി പൂർത്തിയായാലേ സുഗമമായി വെള്ളം ഒഴുക്കിവിടാനാകൂ. ഇതിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ ഫണ്ട് അനുവദിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി പ്രകാശ്, വാർഡ് അംഗം സിന്ധു അരവിന്ദ് എന്നിവർ ആവശ്യപ്പെട്ടു.
25 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചു
പുഞ്ചക്കുഴി തോട്ടിൽ പുന്നലം ഭാഗത്ത് കർഷകരുടെ ആവശ്യപ്രകാരം സ്ഥിരം തടയണ നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന 25 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിലേയ്ക്ക് സമർപ്പിച്ചതായും ജനപ്രതിനിധികൾ അറിയിച്ചു.