മൂവാറ്റുപുഴ: അഞ്ചു പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചു. നേരത്തെ കൊവിഡ്​ സ്ഥിരീകരിച്ച വാഴക്കുളം പൊലീസ്​ സ്​റ്റേഷനിലെ ​ഒരു പൊലീസുകാരൻ ഡിവൈ.എസ്​.പി ഓഫീസ്​ സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സ്രവ പരിശോധന നടത്തിയത്. അഞ്ചുപേർക്കാണ് രോഗം കണ്ടെത്തിയത്.എന്നാൽ ഡിവൈ.എസ്.പി ഓഫീസിനോട് ചേർന്ന പൊലീസ് സ്റ്റേഷൻ അടയ്ക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു.ഇവിടെ സ്റ്റേഷനോട് ചേർന്ന് പൊലീസ് കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ രോഗ ബാധ സ്ഥിരീകരിച്ചവർ കാന്റീനിൽ നിന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്. കൂടാതെ പെറ്റിക്കേസുമായി ബന്ധപ്പെട്ട്പ്രതി ദിനം നൂറു കണക്കിനു നാട്ടുകാർ സ്റ്റേഷനിൽ വന്നു പോകുന്നുണ്ട്. നിലവിൽ പൊലീസ് സ്റ്റേഷനിലെ പ്രാഥമീക സമ്പർക്കപട്ടികയിൽ പെട്ടവരെ ക്വാറന്റയിനിലേയ്ക്ക് മാറ്റിയെന്ന് ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് പറഞ്ഞു. ഡിവൈ.എസ്.പി ഓഫീസിൽ ഇദ്ദേഹമടക്കം പത്തു പേർ ക്വാറന്റയിനിലായി.