പള്ളുരുത്തി: പെരുമഴ പിൻവാങ്ങി. കടലും ശാന്തമായി. എങ്കിലും ചെല്ലാനം തീരദേശവാസികളുടെ കണ്ണീര് തോരുന്നില്ല. കടൽക്ഷോഭത്തിൽ വെള്ളത്തിൽ മുങ്ങിയ വീടുകളും സ്ഥാപനങ്ങളുമടക്കം ചെളി അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇതാണ് പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് പലരും കാമ്പുകളിൽ നിന്നും അവരവരുടെ വീടുകളിലേക്ക് മടങ്ങിയത്. എന്നാൽ ഉള്ളുപൊള്ളുന്ന കാഴ്ച തീരദേശവാസികളുടെ കണ്ണുനിറച്ചു.
നിലവിൽ കുടുംബങ്ങളെല്ലാം ദിവസങ്ങളായി ശുചീകരണത്തിന്റെ തിരക്കിലാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മുറികളിലെ ചെളി പതിനാല് ദിവസം കഴിഞ്ഞ് മാത്രമേ വൃത്തിയാക്കാൻ കഴിയൂ. അടച്ചിട്ട പലചരക്ക് കടകളിലെ ഭക്ഷ്യധാന്യങ്ങളെല്ലാം ചെളി കയറി നശിച്ചു. ഇത് പ്രദേശത്ത് ഭക്ഷണസാധനങ്ങളുടെ കുറവിന് കാരണമായി. ദിവസം റവന്യം ജീവനക്കാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തീരദേശത്തെ കുറച്ച് വീടുകൾ, അംഗണവാടികൾ എന്നിവ വൃത്തിയാക്കി. ചെളി നിറഞ്ഞ വഴികളിൽ മണൽ നിരത്തിയാണ് ശുചീകരിച്ചത്. ഡപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ജില്ലാ പഞ്ചായത്തംഗം അനിത ഷീലൻ, ഡിഫൻസ് അംഗങ്ങളായ റാഷിം ഇക്ബൽ, സനിൽ, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.