കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് കൊവിഡ് ഇതര ചികിത്സ കേന്ദ്രമാക്കി മാറ്റുന്നതിനായി റിപ്പോർട്ട് ഡി.എം.ഇയ്ക്ക് സമർപ്പിച്ച് അധികൃതർ. ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റിയപ്പോൾ മറ്റുരോഗങ്ങൾക്ക് സാധാരണക്കാർ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നു. മെഡിക്കൽ കോളേജ് സാധാരണക്കാരന് തുറന്നു കൊടുക്കുന്നതിനായി പ്രധാനമായും 5 നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, നിർദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചാലും അണുനശീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും തീർത്ത് രണ്ടുമാസമെങ്കിലുമെടുക്കും പൂർവസ്ഥിതിയിലാകാൻ എന്ന് അധികൃതർ പറയുന്നു. നിലവിൽ 249 കോവിഡ് രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
5 നിർദേശങ്ങൾ
1. മെഡിക്കൽ കോളേജിലെ കൊവിഡ് രോഗികളിൽ കാറ്റഗറി എ, ബി വിഭാഗങ്ങളിൽപ്പെടുന്നവരെ സർക്കാർ തിരഞ്ഞെടുത്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുക.
2. കാറ്റഗറി സി വിഭാഗത്തിൽപ്പെടുന്ന തീവ്രലക്ഷണങ്ങളുള്ള രോഗികളെ ജീവൻരക്ഷാ യന്ത്രങ്ങളുടെ സഹായം ലഭിക്കുന്ന ആശുപത്രികളിലേക്ക് മാറ്റുക.
3. കൊവിഡ്-കൊവിഡ് ഇതര ആശുപത്രികളുടെ നടത്തിപ്പ് ശ്രദ്ധിക്കുന്നതിനായി ആശുപത്രി മെഡിക്കൽ സൂപ്രണ്ട്, ഭരണാധികാരികൾ, നഴ്‌സിംഗ് സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, സെക്യൂരിറ്റി ഓഫീസർമാർ എന്നിവർ അംഗങ്ങളായ മോണിറ്ററിംഗ് കമ്മിറ്റിയെ രൂപപ്പെടുത്തുക
4. രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയാൽ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ്, ലാബ് സൗകര്യം തുടങ്ങിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനാകും.
5. രോഗികളെ പ്രവേശിപ്പിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ പൂർണമായും ഒ.പി ആരംഭിക്കാനാകും. ആദ്യ ഘട്ടത്തിൽ രണ്ടാഴ്ച ഓരോ ദിവസം ഇടവിട്ടും പിന്നീട് എല്ലാ ദിവസവും ഒ.പി നടത്താനാകും