കൊച്ചി: കേരളത്തിലും ബംഗാളിലും മാത്രമാണ് ദേശീയ വീക്ഷണമുള്ള പ്രസ്ഥാനങ്ങൾ ഭീഷണി നേരിടുന്നതെന്ന്
അഖില ഭാരതീയ ശൈക്ഷിക് മഹാസംഘ് (എ.ബി.ആർ.എസ്.എം) ദേശീയ സെക്രട്ടറി ഡോ. മനോജ് സിൻഹ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന മൂന്നു വർഷങ്ങളിൽ കേരളത്തിലും ബംഗാളിലും ദേശീയ മുഖ്യധാരാ രാഷ്ട്രീയം ശക്തിപ്രാപിക്കും. ആഗോള മത്സരത്തിന് ഉതകുന്ന വിദ്യാഭ്യാസം ഭാരതത്തിൽ ഇനിമുതൽ ലഭ്യമാക്കാൻ പുത്തൻ വിദ്യാഭ്യാസ നയത്തിൽ കൂടി കഴിയും. ഈ നയം വിദ്യാർത്ഥികളുടെ ഇൻപുട്ട് അല്ല ഔട്ട്പുട്ട് കേന്ദ്രീകൃതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.കെ.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ.വി.ടി രമ സംസാരിച്ചു. കേരളത്തിൽ പുരോഗമനവാദം എന്നപേരിൽ സംസ്കാരം തകർക്കുകയാണന്ന് അവർ അഭിപ്രായപ്പെട്ടു. പ്രതിനിധി സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെഷനുകളിൽ സംഘടനാ കാര്യദർശി മോഹന കണ്ണൻ, ഡോ.സന്തോഷ് കുമാർ, വി.രഘുനാഥ്, കൃഷ്ണാനന്ദ്, സുധീഷ് കുമാർ, ഡോ.ശിവകുമാർ, ഡോ.ഐ.കെ. ജയദേവ്, ഡോ.ഹർഷകുമാർ, ഡോ. മനോഹർ, ഡോ. ജീജാ രമണി എന്നിവർ പങ്കെടുത്തു.
ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ ഡോ.സി.പി സതീഷ് കുമാർ സ്വാഗതവും സംസ്ഥാന സമിതി അംഗം ആർ.ശ്രീപ്രസാദ് നന്ദിയും പറഞ്ഞു.