ആലുവ: കൊവിഡ് രോഗ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പൂട്ടികിടക്കുന്ന ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് യോഗം നടക്കും.
ഉപാധികളോടെയും കർശന നിയന്ത്രണങ്ങളോടെയും മാർക്കറ്റ് തുറക്കാൻ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
നിയന്ത്രണങ്ങളുടെ ഭാഗമായി മാർക്കറ്റിലെ വ്യാപാരികളുടെയും ചുമട്ടുതൊഴിലാളികളുടെയും അഞ്ച് വീതം പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റി കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. പച്ചക്കറി മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 14ന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി ക്വാറന്റൈയിനിൽ പോയതിനെ തുടർന്ന് നടന്നില്ല.
ഉന്നതതല യോഗം ഇന്ന്
രാവിലെ പത്തരയ്ക്ക് ആലുവ പാലസിലാണ് യോഗം. നഗരസഭ, പൊലീസ്, വ്യാപാരി, യൂണിയൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് യോഗം. യോഗ തീരുമാനം ജില്ലാ ഭരണകൂടത്തെ അറിയിക്കും. മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജില്ലാ ഭരണകൂടമാണ് പ്രഖ്യാപിക്കുന്നതെങ്കിലും യോഗ തീരുമാനം ജില്ലാ ഭരണകൂടം നിരസിക്കാൻ സാധ്യതയില്ല.
വ്യാപാരികളുടെ പ്രതിഷേധ സംഗമം
കൊവിഡ് വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പൂട്ടികിടക്കുന്ന ആലുവ ജനറൽ മാർക്കറ്റ് തുറക്കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. നിരവധി ചർച്ചകൾ നടന്നിട്ടും മാർക്കറ്റ് കുറക്കുന്നതിന് തീരുമാനമുണ്ടായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓണം സീസണിൽ തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിലായിരുന്നു സമരം.
പ്രതിഷേധ സംഗമം പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. ട്രഷറർ ജോണി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ സെക്രട്ടറി കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, ഗഫൂർ ലജന്റ്, അസീസ് അൽ ബാബ്, എ. വെങ്കിടാചലം, ജോഷി, സ്റ്റാൻലി, ലത്തീഫ് പാലൂപള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.