ramesh-chennithala

കൊച്ചി : കൊവിഡ് രോഗം ബാധിച്ച് ക്വാറന്റൈനിലും ചികിത്സയിലും കഴിയുന്നവരുടെ ഫോൺകോൾ രേഖകൾ പൊലീസ് ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.

കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ബി.എസ്.എൻ.എൽ, വോഡോഫോൺ എന്നീ സർവീസ് ദാതാക്കളിൽനിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇന്റലിജന്റ്സ്), പൊലീസ് ഹെഡ്‌ക്വാർട്ടേഴ്സ് എന്നിവരോട് നിർദ്ദേശിച്ച് ആഗസ്റ്റ് 11 ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. ഇത്തരമൊരു സർക്കുലർ മൗലികാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ ആ‌രോപിക്കുന്നു.

രോഗബാധിതരുടെ സമ്പർക്ക വിവരങ്ങൾ വിവരങ്ങൾ കൈമാറുമ്പോൾ ആരുടേതാണെന്ന് തിരിച്ചറിയാത്ത വിധമാക്കണമെന്ന കേന്ദ്രസർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കുന്നില്ല.കൈമാറുന്ന വിവരങ്ങൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് വാണിജ്യാവശ്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ മതിയാകുമെന്നിരിക്കെയാണ് രോഗബാധിതരുടെ അനുമതി വാങ്ങാതെയുള്ള നിയമവിരുദ്ധ നടപടി. ഇൗ സാഹചര്യത്തിൽ സർക്കുലർ റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.