കൊച്ചി: വെള്ളക്കെട്ട് , കരാറുകാരുടെ സമരം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി പലവിധ നൂലാമാലകളിൽ വലയുകയാണ് കൊച്ചി കോർപ്പറേഷൻ. അടുത്ത കാലത്തെ വെള്ളക്കെട്ടിന്റെ പേരിൽ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനിരയായി. പേരണ്ടൂർ കനാൽ നവീകരണത്തിനായി അമൃത് പദ്ധതിയിൽ നിന്ന് 18 കോടി രൂപ ലഭിച്ചിട്ടും ചെളി നീക്കം ചെയ്യാൻ കഴിയാത്തത് പിടിപ്പുകേടായി. ഇതിന്റെ ഫലമായി കഴിഞ്ഞ മഴയിൽ നഗരത്തിന്റെ ഏറെ ഭാഗങ്ങളും വെള്ളത്തിലായി.
# വെള്ളക്കെട്ടിലും രാഷ്ട്രിയം
വെള്ളക്കെട്ട് നിവാരണത്തിനായി ജില്ല ഭരണകൂടം നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി 205 പദ്ധതികളാണ് കോർപ്പറേഷൻ സമർപ്പിച്ചത്. ഇതിൽ 36 പദ്ധതികൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചു . കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കായിരുന്നു നടത്തിപ്പു ചുമതല. എന്നാൽ ഭരണസ്വാധീനത്തിന് വഴങ്ങി അദ്ദേഹം യു.ഡി.എഫ് കൗൺസിലമാരുടെ ഡിവിഷനുകളിലെ പദ്ധതികൾക്ക് മുൻഗണന നൽകിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളക്കെട്ട് കാര്യമായി ബാധിക്കാത്ത ഫോർട്ടുകൊച്ചി, കോണം ഡിവിഷനുകൾ തിരഞ്ഞെടുത്തത് ഉദാഹരണമായി അവർ എടുത്തുകാട്ടുന്നു. ഇതിനെതിരെ പ്രതിപക്ഷം പരാതി നൽകിയതോടെ രണ്ടാം ഘട്ടത്തിൽ പുതിയ നോഡൽ ഓഫീസറെ നിയോഗിച്ചു. അതേസമയം വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളിൽ ജില്ല ഭരണകൂടം തങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന് മേയർ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.
കുരുക്കഴിയാതെ ഇ ഗവേണൻസ്
ഇ ഗവേണൻസ് പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന് കോർപ്പറേഷൻ ആവർത്തിക്കുമ്പോഴും ഓൺലൈനായി നികുതി അടയ്ക്കാൻ സൗകര്യമില്ലാതെ സാധാരണക്കാർ വലയുകയാണ്. ഇത് കോർപ്പറേഷന്റെ നിലനില്പിനെ ബാധിച്ചുവെന്ന് മാത്രമല്ല ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
സമരം തുടരുന്നു
കുടിശിക നൂറു കോടി കവിഞ്ഞതോടെ കരാറുകാർ ഒരാഴ്ചയായി സമരത്തിലാണ്. ഇതോടെ ഡിവിഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആകെ നിലച്ചു.
അടിയന്തര കൗൺസിൽ
വിളിക്കണമെന്ന് പ്രതിപക്ഷം
ആവശ്യത്തിന് ഫണ്ട് ചെലവഴിച്ചിട്ടും അടിയന്തര പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിയാത്ത ദയനിയമായ അവസ്ഥയാണ് കോർപ്പറേഷനിൽ നില നിൽക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വെള്ളക്കെട്ട് നിവാരണത്തിനായി 150 കോടി രൂപ ചെലവഴിച്ചിട്ടും അസൂത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും പോരായ്മ മൂലം ഒന്നും ലക്ഷ്യത്തിലെത്തിയില്ല .കൗൺസിലിന്റെ കാലവധി അവസാനിക്കാൻ കേവലം മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നഗരസഭയിൽ ഉണ്ടായിട്ടുള്ള ഭരണസ്തംഭനം കൗൺസിലർമാരെ ഒന്നടങ്കം ആശങ്കയിലാക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിഓൺലൈനായി കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി , എൽ .ഡി. എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി .പി .ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.