onam

കൊച്ചി: ചിങ്ങമിങ്ങെത്തിയിട്ടും ഉത്സവമേളമില്ലാതെ നാടും നഗരവും. ക്ഷേത്രങ്ങളിലും പുണ്യസങ്കേതങ്ങളിലും ഭക്തർ പേരിന് മാത്രം. കായ വറുത്തതും ശർക്കരയുപ്പേരിയും പുത്തൻ വസ്ത്രങ്ങളും തേടി ജനങ്ങൾ എത്തുന്നില്ല. ഓണക്കാല വിപണി മ്ളാനതയിൽ. ഈമാസം 21 ഓടെ സർക്കാർ ജീവനക്കാർക്ക് ബോണസും അഡ്വാൻസും ലഭിക്കുന്നതിലാണ് വ്യാപാരികളുടെ അവസാന പ്രതീക്ഷ. കൊവിഡ് തകർത്ത സമ്പദ്‌വ്യവസ്ഥ തന്നെയാണ് വില്ലൻ.

മേളകളില്ലേയില്ല

കൊച്ചി നഗരത്തിലും ജില്ലയിലെ പട്ടണങ്ങളിലും ഓണക്കാലത്തെ പതിവ് കാഴ്ചകളായ പ്രദർശന വില്പനമേളകൾ ഇക്കുറി കാണാനില്ല. എറണാകുളം ശിവക്ഷേത്ര മൈതാനം, മറൈൻഡ്രൈവ് രാജേന്ദ്ര മൈതാനം എന്നിവ വെറുതെ കിടക്കുന്നു. ഹാളുകളിലും വില്പനമേളകളില്ല. ഇന്ത്യയുടെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വസ്ത്ര, ഗൃഹാലങ്കാര, ഗൃഹോപകരണ, സൗന്ദര്യ വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഓരോ പ്രദർശനങ്ങളിലും അണിനിരിന്നിരുന്നത്. കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനശാലകളില്ല.കൊവിഡ് മൂലം അന്യംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദകർക്ക് വരാൻ കഴിയാത്തവും വിപണന സാദ്ധ്യത കുറഞ്ഞതും മൂലം പ്രദർശന വില്പനമേളകൾ ഉപേക്ഷിച്ചതിനാൽ കോടികളുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് സംഭവിച്ചതെന്ന് മേളകളുടെ സംഘാടകർ പറഞ്ഞു.

നിറപ്പകിട്ടില്ലാതെ വസ്ത്രവിപണി

ഓണക്കാലമായെങ്കിലും വസ്ത്രവില്പന തണുത്ത മട്ടിലാണ്. ചെറുതും വലുതുമായ വസ്ത്രശാലകളിൽ ഉപഭോക്താക്കൾ കുറവാണ്. വിലക്കിഴിവ് പോലുള്ള വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ജനങ്ങൾ പൊതുവെ സാമ്പത്തികഞെരുക്കം നേരിടുന്നതിനാൽ വലിയ വില്പന പ്രതീക്ഷിക്കുന്നില്ല. നാലു മാസത്തോളം അടഞ്ഞുകിടക്കതിനാലും വിപണനസാദ്ധ്യത കുറവായതിനാലും കാര്യമായ സ്റ്റോക്ക് പലർക്കുമില്ല.

ഇലക്ട്രോണിക് വിപണി ഓൺലൈനിൽ

ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗൃപോകരണങ്ങളുടെയും വില്പനയും വർദ്ധിച്ചിട്ടില്ല. വിലക്കിഴിവ് ഉൾപ്പെടെ വാഗ്ദാനങ്ങൾ മിക്ക കമ്പനികളും വില്പനശാലകളും പ്രഖ്യാപിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓൺലൈൻ വഴി വില്പന വർദ്ധിച്ചതാണ് ഏക ആശ്വാസം. പ്രമുഖ ചില്ലറ വില്പനശാലകൾ ഓൺലൈൻ വില്പനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

കായ വറുത്തത് വഴിയോരങ്ങളിൽ

ഓണത്തിന് ഒഴിവാക്കാനാവത്ത കായ വറുത്തത്, ശർക്കരവരട്ടി എന്നിവ ഇക്കുറി വഴിയോരങ്ങളിലാണ് സുലഭം. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ ഏതാനും മാസങ്ങളായി പായ്ക്ക് ചെയ്ത കായ വറുത്തതുമായി വഴിയോരങ്ങളിലുണ്ട്. വിലക്കുറവിലാണ് വിൽക്കുന്നത്. ഇതുമൂലം ബേക്കറികളിലുൾപ്പെടെ വില്പന കുറഞ്ഞു.

തടസങ്ങൾ നിരവധി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാനും സുഗമമായി പ്രവർത്തിപ്പിക്കാനും നിരവധി കടമ്പകളുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. നിശ്ചിത എണ്ണം ഉപഭോക്താക്കളെ മാത്രമേ ഒരുസമയം പ്രവേശിപ്പിക്കാൻ കഴിയൂ. ഇതുമൂലം വലിയതോതിൽ കച്ചവടത്തിന് കഴിയുന്നില്ലെന്ന് അവർ പറഞ്ഞു.

ദീർഘകാലം അടച്ചിട്ടശേഷം എറണാകുളത്തെ വാണിജ്യ, വ്യാപാര സിരാകേന്ദ്രമായ ബ്രോഡ്‌വേയിലും മാർക്കറ്റ് പരിസരത്തും കച്ചവടം പഴയനിലയിലിത്തിയിട്ടില്ല. മാർക്കറ്റ് റോഡിലുൾപ്പെടെ ഗതാഗതം പൂർണമായി തുറന്നുകൊടുത്തിട്ടില്ല. ഇതുമൂലം ഉപഭോക്താക്കൾ വരുന്നത് കുറഞ്ഞു.ഇത് മൊത്ത, ചില്ലറ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷയില്ല

വ്യാപാര മേഖല ആകെ പ്രതിസന്ധിയിലാണ്. ഓണക്കാലത്താണ് ഏറ്റവുമധികം വില്പന ലഭിച്ചിരുന്നത്. കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രതീക്ഷയ്ക്ക് വകയില്ല. പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്ക്. ഞങ്ങളുടെ ഓണവും ഇല്ലാതാകുമെന്നാണ് ആശങ്ക.

ജി. കാർത്തികേയൻ

പ്രസിഡന്റ്

കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ്