cancer

കൊച്ചി: മദ്ധ്യകേരളത്തിന്റെ ആരോഗ്യസ്വപ്നത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് ആറു വർഷം. രണ്ടു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ഗവേഷണ കേന്ദ്രമെന്ന ഭരണാധികാരികളുടെ വാഗ്ദാനം മാത്രം ബാക്കി. ഒ.പി വിഭാഗവും കീമോതെറാപ്പി വിഭാഗവുമല്ലാതെ എടുത്തുപറയത്തക്ക വളർച്ചയില്ല. വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നതു പോലെ "ഇപ്പ ശര്യാക്കിത്തരാം" എന്ന പറച്ചിൽ മാത്രമേയുള്ളൂ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന്. ഒരു കാരണം കിട്ടിയാൽ അപ്പോൾ പണി നിറുത്തിവയ്ക്കും. രണ്ട് പ്രളയം,​ പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുവീഴൽ,​ ഒടുവിൽ കൊവിഡും. ലോക്ക്‌ ഡൗണിൽ ഇളവ് നേടി കാൻസർ സെന്റർ നിർമ്മാണം പുനരാരംഭിച്ചെങ്കിലും സമയ ബന്ധിതമായി പണി പൂർത്തിയാക്കണമെങ്കിൽ ഇപ്പോഴുള്ളതിന്റെ നാലിരട്ടി പണിക്കാരെങ്കിലും വേണ്ടിവരും. എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല മദ്ധ്യകേരളം,​ ഒപ്പം ലക്ഷദ്വീപ് നിവാസികളും.

അന്തരിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച ശ്രമഫലമായി 2014 ആഗസ്റ്റ് 18ന് ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊച്ചി കാൻസർ സെന്ററിന് തറക്കല്ലിട്ടത്. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തറക്കല്ലിട്ടു. രണ്ട് മുഖ്യമന്ത്രിമാരും തറക്കല്ലിടൽ ദിവസം വാഗ്ദാനം ചെയ്തത് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്ന കാൻസർ സെന്ററാണ്. എന്നാൽ, 30 ശതമാനം മാത്രം പണിയാണ് ഇതുവരെ പൂർത്തിയാക്കിയത്. കൃഷ്ണയ്യർ മൂവ്‌മെന്റാണ് കേന്ദ്രത്തിന് വേണ്ടി ഇപ്പോൾ മുൻനിരയിലുള്ളത്.

2016 കേരളപ്പിറവി ദിനത്തിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. എറണാകുളം മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ കാൻസർ സർജറികൾ നടത്തിത്തുടങ്ങി. മെഡിക്കൽ കോളേജിലെ ലബോറട്ടറി, സിടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ, ഐ.സി.യു സൗകര്യങ്ങൾ എന്നിവയും ഉപയോഗപ്പെടുത്തി. എന്നാൽ, ആശുപത്രി പൂർണ്ണമായും കൊവിഡ് ചികിത്സാകേന്ദ്രമായതോടെ ഇപ്പോൾ കാൻസർ സെന്ററിന്റെ പ്രവർത്തനം ജനറൽ ആശുപത്രിയിലാണ്. കാൻസർ ശസ്ത്രക്രിയകൾ കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കും മാറ്റി.

 പണി പൂർത്തിയായാൽ

400 കിടക്കകളോടെയുള്ള ആശുപത്രി സമുച്ചയം

12 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടിയിൽ കെട്ടിടം

ശസ്ത്രക്രിയകൾക്കായി എട്ട് തിയേറ്ററുകൾ

ന്യൂക്ലിയർ മെഡിസിൻ വിഭാഗം

റേഡിയേഷൻ ഓങ്കോളജി

കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്

24 മണിക്കൂർ വൈദ്യുതി

350 കാറുകൾക്കുള്ള പാർക്കിംഗ്

 കൃഷ്ണയ്യർ മൂവ്‌മെന്റിന്റെ ആവശ്യങ്ങൾ
1. പ്രവർത്തനം പഴയ സംവിധാനത്തിലേക്ക് മാറ്റുക
2. പുതിയ കെട്ടിടം ഉടൻ പൂർത്തിയാക്കുക

3. ശ്രീചിത്ര മാതൃക സ്വീകരിക്കുക

4. നിയമനങ്ങൾക്ക് സെലക്ഷൻ കമ്മിറ്റി
5. കേന്ദ്ര,അന്താരാഷ്ട്ര സഹായം നേടി എടുക്കുക