കൊച്ചി: അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട ''ജനകീയാസൂത്രണം'' ഗുണ- ദോഷസമ്മിശ്രമായ കാൽനൂറ്റാണ്ടിലേക്ക്.1996 ആഗസ്റ്റ് 17നാണ് സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കംകുറിച്ചത്. 1994 ഏപ്രിൽ 23ന് നിലവിൽ വന്ന പഞ്ചായത്ത് രാജ് നിയമം സുസാദ്ധ്യമാക്കുന്നതിന് പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ആസൂത്രണ നിർവഹകണ പ്രക്രീയയാണ് ജനകീയാസൂത്രണം. ഇ.കെ. നയനാർ മുഖ്യമന്ത്രിയും ആസൂത്രണബോർഡ് അദ്ധ്യക്ഷനുമായിരിക്കെ മുതിർന്ന സി.പി.എം നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള 451 അംഗ ഉന്നതതല മാർഗനിർദ്ദേശക സമിതുടെ മേൽനോട്ടത്തിലായിരുന്നു പദ്ധതിയുടെ തുടക്കം.വോട്ടവകാശമുള്ള ഓരോപൗരനും നാടിന്റെ വികസനപ്രക്രിയയിൽ നേരിട്ട് പങ്കാളിത്തം നൽകുക. ഗ്രാമസഭകൂടി തീരുമാനിക്കുന്ന പദ്ധതികൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ജനപങ്കാളിത്വത്തോടെ സുതാര്യമായി നടപ്പിലാക്കുക, കരാറുകാരെയും ഇടനിലക്കാരെയും ഒഴിവാക്കി പദ്ധതിനിർഹകണം ഗുണഭോക്തൃസമിതികൾ വഴി നേരിട്ട് നിർവഹിക്കുക, ഇങ്ങനെ നടപ്പിലാക്കുന്ന പദ്ധതികളുടെ വാർഷിക വരവ് ചെലവ് കണക്കുകൾ തൊട്ടടുത്ത ഗ്രാമസഭയിൽ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്നൊക്കെയായിരുന്നു പദ്ധതിയുടെ തുടക്കത്തിലെ പ്രഖ്യാപനങ്ങൾ.
പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ജനകീയാസൂത്രണ പദ്ധതിക്ക് കേരളവികസനം എന്ന് പേരുമാറ്റി. സംസ്ഥാനതലം മുതൽ ചുമതലക്കാരെയും മാറ്റി. അതോടെ താളംതെറ്റിയ പദ്ധതിക്ക് 2006 ലെ ഇടതുമുന്നണി സർക്കാർ പഴയപേര് പുന:സ്ഥാപിച്ചെങ്കിലും കൈവിട്ടുപോയ പ്രതാപം തിരിച്ചുകിട്ടിയില്ല. ആദ്യത്തെ ഏതാനും വർഷങ്ങൾ ഒഴിച്ചാൽ ഗ്രാമസഭകൾ നോക്കുകുത്തിയായി. വ്യക്തിഗത ആനുകൂല്യങ്ങൾ പങ്കുവയ്ക്കുന്ന വേദിയായി ഗ്രാമസഭകൾ മാറി. ജനപ്രതിനിധിയുടെ രാഷ്ട്രീയം മുഴച്ചുനിന്നു. അഴിമതിയും സ്വജനപക്ഷപാതവും കടന്നുകൂടിയ തദ്ദേശഭരണം ജനങ്ങളിൽ നിന്ന് അകന്നു. സമൂഹത്തിലെ ബഹൂഭൂരിപക്ഷവും ഗ്രാമസഭയിലേക്ക് തിരിഞ്ഞുനോക്കാതെയായി. ക്വാറം തികച്ച് തട്ടിക്കൂട്ടിയ ഗ്രാമസഭകളിലൂടെ നേതാക്കന്മാരുടെ അജണ്ടകൾ പലതും പാസാക്കിയെടുത്തു. കൃത്യമായ ഇടവേളകളിൽ ഗ്രാമസഭ വിളിച്ചുചേർത്തില്ലെങ്കിൽ ജനപ്രതിനിധിയെ അയോഗ്യനാക്കാൻ പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥയുണ്ട്. അതുകൊണ്ടുമാത്രം പേരിനൊരു ചടങ്ങായി ഗ്രമസഭ ഇന്നും ചേരുന്നു. ഏറ്റവുമൊടുവിൽ കൊവിഡ് മൂലം ആറ് മാസമായി ഗ്രാമസഭകൾ ചേർന്നതുമില്ല. 20479 ഗ്രാമസഭകളാണ് ഇപ്പോഴുള്ളത്. ആദ്യമൊക്കെ സജീവമായ ചർച്ചകളും കൂടിയാലോചനകളും നടത്തിയിരുന്ന വികസന സെമിനാറുകളും പിന്നീട് വഴിപാട് മാത്രമായി. വികസനത്തിനെന്നപോലെ അഴിമതിക്കും കോടികളുടെ പിൻബലമുണ്ടെന്നതാണ് ഇരുപത്തിയഞ്ചാം ജന്മദിനത്തിൽ ജനകീയാസൂത്രണത്തിന്റെ ബാക്കിപത്രം.