കോലഞ്ചേരി: ആദ്യം സൗഹൃദം,പിന്നെ സഹതാപം, ഒടുവിൽ സമ്മാനം. തട്ടിപ്പിന്റെ നാൾ വഴിയിൽ പുത്തൻ തന്ത്രങ്ങളാണ് ഇപ്പോൾ പല ഇടങ്ങളിലും കണ്ടുവരുന്നത്. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനെന്ന വ്യാജേന പണത്തട്ടിപ്പിന്റെ പഴയ തന്ത്റം വീണ്ടും. മ​റ്റൊരു രാജ്യത്ത് നിന്നയച്ച സമ്മാനം കൈപ്പ​റ്റാൻ നാട്ടിൽ ഈടാക്കുന്ന കാർഗോ ചാർജ് വേണമെന്നാണ് തട്ടിപ്പുകാരുടെ ആവശ്യം.ദിവസങ്ങളോളം വാട്‌സ് ആപ്പ് വഴി സുഖവിവരങ്ങൾ അന്വേഷിച്ച ശേഷമാണ് സമ്മാനം അയയ്ക്കുന്നതായി അറിയിക്കുന്നത്. പട്ടിമറ്റം സ്വദേശിനിയായ വീട്ടമ്മയെയാണ് തട്ടിപ്പു സംഘം ഒടുവിൽ കുരുക്കാൻ നോക്കിയത്. പത്ര പ്രവർത്തകന്റെ ഇടപെടലിൽ വീട്ടമ്മ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് യു.എസിലെ വീട്ടിൽ കുടുംബസമേതം താമസിക്കുന്നുവെന്ന് പരിചയപ്പെടുത്തിയ വ്യക്തി വാട്സപ്പ് വഴി പരിചയപ്പെടുന്നത്. ഗുഡ് മോർണിംഗിൽ തുടങ്ങിയ പരിചയം സൗഹൃദമായി വളർന്നു. കേരളത്തെ ആത്യന്തം സ്നേഹിക്കുന്ന ഇയാൾ മക്കളോടൊപ്പമുള്ള ചിത്രങ്ങളും അയച്ചു നൽകി വിശ്വാസമുണ്ടാക്കിയെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഗുഡ് നൈ​റ്റ് സന്ദേശങ്ങളും കുടുംബത്തിന് അനുഗ്രഹം ഉണ്ടാവട്ടെ എന്ന സന്ദേശങ്ങളും മുടക്കമില്ലാതെ തുടർന്നു. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ കുടുംബാംഗങ്ങൾക്കായി സമ്മാനം അയയ്ക്കുന്നതായി അറിയിച്ചു. വിലാസവും ചോദിച്ചു വാങ്ങി. യു.എസിൽ നിന്ന് അയയ്ക്കുന്ന സമ്മാനങ്ങൾക്ക് അവിടെത്തന്നെ ഷിപ്പിങ് ചാർജ് കൊടുത്തിട്ടുണ്ടെന്നും പക്ഷേ നാട്ടിലെ ചാർജ് കൊടുത്താലെ സമ്മാനം കൈപ്പ​റ്റാൻ സാധിക്കുവെന്നും പിന്നാലെ അറിയിച്ചു. ഇന്നലെ സമ്മാനങ്ങൾ നാട്ടിൽ എത്തുമെന്നും ഫോൺ കൈയ്യിലുണ്ടാവണമെന്നും നിർദേശം നൽകി. പിന്നീട് വാട്‌സ് ആപ്പ് സന്ദേശം അയയ്ക്കുന്നത് മിലാൻ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ്. സമ്മാനങ്ങൾ മുംബൈ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയിട്ടുണ്ട്. ഇവ കൊച്ചിയിലേയ്ക്ക് അയയ്ക്കാമെന്നും മുംബൈയിൽ കൈപ്പറ്റാൻ എയർപോർട്ടിൽ 35000 രൂപ അടയ്ക്കണമെന്നുമായിരുന്നു സന്ദേശം. ഈ തുക ഇവർക്ക് അയച്ചു നൽകാനും നിർദ്ദേശം നൽകി. പണം ഗൂഗിൾ പേ വഴി അയക്കാനും പറഞ്ഞു. പണം അയക്കാനറിയാത്ത വീട്ടമ്മ ഇതിനായി ഒരു പത്ര പ്രവർത്തകനെ സമീപിച്ചതാണ് ട്വിസ്റ്റ് . ഇവർ പറഞ്ഞ കാർഗോ ക്ലിയറിംഗ് നമ്പർ എയർപോർട്ടുമായി ബന്ധപ്പെട്ടതോടെ ഇങ്ങനെ ഒരു നമ്പറില്ലെന്ന് വ്യക്തമായി. ആദ്യം ബന്ധപ്പെട്ട സത്രീയെ വിളിച്ച് ഇക്കാര്യം പറഞ്ഞതോടെ അവരുടെ ഫോൺ പ്രവർത്തനരഹിതമായി. തട്ടിപ്പിൽ നിന്നും തത്കാലം രക്ഷപ്പെട്ട വീട്ടമ്മ തട്ടിപ്പാണെന്നറിഞ്ഞതോടെ ആശ്വാസത്തോടെയാണ് മടങ്ങിയത്. ആദ്യം ഇവരെ ബന്ധപ്പെട്ട വാട്സാപ്പും പിന്നെ പ്രവർത്തിച്ചിട്ടില്ല.

തട്ടിപ്പിൽ നിന്ന് സുരക്ഷിതരാവാം

പണം അയയ്ക്കാൻ ആവശ്യപ്പെടുന്ന സംഘങ്ങളോടു പ്രതികരിക്കരുത്

അക്കൗണ്ട് നമ്പർ നൽകുകയോ യു.പി.ഐ. ഐ.ഡി കൈമാറുകയോ ചെയ്യരുത്

ബാങ്കിൽ നിന്നെന്ന വ്യാജേന വരുന്ന സന്ദേശങ്ങളിൽ കണ്ണമടച്ച് വിശ്വസിക്കരുത്

ബാങ്കുകളുടേതെന്ന് ഒ​റ്റ നോട്ടത്തിൽ തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്