murukkumpadam
മുരിക്കുംപാടം ശ്മശാനം:

വൈപ്പിൻ: മുരുക്കുംപാടം ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ചടങ്ങിന്റെ പ്രോട്ടോക്കോൾ തർക്കത്തിൽ മുടങ്ങി. ചടങ്ങിലെ സ്വാഗത പ്രാസംഗികനെ തീരുമാനിച്ചത് സംബന്ധിച്ച തർക്കമാണ് തടസത്തിനു കാരണമെന്നാണ് സൂചന. ജില്ലാപഞ്ചായത്തിന്റെ 90 ലക്ഷം രൂപയും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചാത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ച് രൂപം നൽകിയ പദ്ധതി ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി പൊതുജനത്തിനു സമർപ്പിക്കാനായിരുന്നു എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഇത് പ്രകാരം സ്ഥലം എം.പിയെ ഉദ്ഘാടകനായും സ്ഥലം എം.എൽ.എയെ മുഖ്യ അതിഥിയായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അദ്ധ്യക്ഷനായും പഞ്ചായത്ത് പ്രസിഡന്റിനെ സ്വാഗത പ്രാസംഗികനായും മറ്റു ചിലരെ ആശംസാപട്ടികയിലും പെടുത്തി ചടങ്ങിന്റെ ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്ത് ഭരണ സമിതി ജില്ലാപഞ്ചായത്തിനു സമർപ്പിച്ചു. എന്നാൽ ജില്ലാപഞ്ചായത്ത് പ്രതികരിച്ചില്ല. ഇതിനിടെ ചില പഞ്ചായത്തംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ സ്വാഗത പ്രാസംഗികനായി നിശ്ചയിച്ചതിലുള്ള തർക്കമാണ് ഉദ്ഘാടനം മുടങ്ങാൻ കാരണമെന്നറിഞ്ഞത്.

മുരുക്കുംപാടത്ത് നിലവിലുണ്ടായിരുന്ന പൊതുശ്മശാനത്തിലെ പഴയ വിറക് ക്രിമിറ്റോറിയം പൊളിച്ചുമാറ്റിയ ശേഷം പുനർനിർമ്മിച്ചാണ് പുതിയ ഗ്യാസ് ക്രിറ്റോറിയം ഉണ്ടാക്കിയത്. തൊട്ടരികിൽ തന്നെ മറ്റൊരു വിറക് ക്രിമിറ്റോറിയവും നിലവിലുണ്ട്. ഇവിടെ വൻ തിരക്ക് മൂലം മൃതദേഹങ്ങൾ പലപ്പോഴും കൊച്ചിയിലെ പച്ചാളത്തേക്ക് കൊണ്ട് പോകേണ്ട സാഹചര്യമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം മുൻ നിർത്തിയാണ് ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിക്കാൻ നടപടി സ്വീകരിച്ചത്. കോൺഗ്രസിലെ തർക്കവും പഞ്ചായത്തും ജില്ലാപഞ്ചായതതും തമ്മിലുള്ള വടംവലിയും മൂലം ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ഇതുമൂലം നാട്ടുകാരാണ് കഷ്ടത്തിലായത്.

പാർട്ടിക്കകത്തെ എതിർപ്പ്

കോൺഗ്രസിൽ നിന്നും പുറത്താക്കിയ പ്രസിഡന്റിനെ സ്വാഗതപ്രാസംഗികനാക്കുന്നതിൽ കോൺഗ്രസിനകത്തുനിന്നുള്ള എതിർപ്പാണ് കാരണം. പഞ്ചായത്ത് അംഗങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.കോൺഗ്രസ് വിമതനായിമത്സരിച്ചു ജയിച്ച കെ.കെ. ഉണ്ണികൃഷ്ണനാണ് പ്രസിഡന്റ്. പിന്നീട് ഇദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുത്തു. എന്നാൽ ധാരണ പ്രകാരം കാലാവധി കഴിഞ്ഞപ്പോൾ സ്ഥാനം രാജിവെക്കാൻ ഇദ്ദേഹം തയ്യാറായില്ല. തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി.