1

തൃക്കാക്കര : മണ്ണിടിച്ചൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമല 21 കോളനി നിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു.കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കണ്ടെത്തിയിരുന്ന സ്ഥലം അനുയോജ്യമാണെങ്കിൽ ഭൂമി അളന്നു തിരിച്ച് വൃത്തിയാക്കി റിപ്പോർട്ട് നൽകുവാൻ ജില്ലാ കളക്ടർ എസ്.സുഹാസ് കാക്കനാട് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഡിസംബറിനുളളിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന് വാർഡ് കൗൺസിലർ എം.ടി ഓമന,കോളനി പ്രതിനിധികളായ മഞ്ജു,കൃഷ്ണവേണി തുടങ്ങിയവർക്ക് ജില്ലാ കളക്ടർ ഉറപ്പ് നൽകി.

വർഷങ്ങൾക്ക് മുമ്പ് അത്താണി പാറമടയ്ക്ക് സമീപം ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല. മണ്ണിടിച്ചിലിനെ തുടർന്ന് അത്താണി കീരേലിമല 21 കോളനി നിവാസികൾ കഴിഞ്ഞ ഒരാഴ്ചക്കാലമായി കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നു. ക്യാമ്പ് ഇന്നലെ നഗരസഭ അവസാനിപ്പിക്കാൻ ശ്രമിച്ചതോടെ എൻ.ഡി.എ നേതാക്കളുടെ നേതൃത്വത്തിൽ ക്യാമ്പിന് പുറത്തും .ക്യാമ്പിനുള്ളിൽ ആറ് കുടുംബങ്ങളും ഉപവാസ സമരം നടത്തി.
ഉറവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ സംസാരിച്ചു. ബി.ഡി.ജെ.എസ് നേതാക്കളായ കെ എസ് വിജയൻ സി. സതീശൻ വീടി ഹരിദാസ്, ധന്യ ഷാജി, ബിജെപി നേതാക്കളായ എസ്.സജി, കെ.ആർ രാജേഷ്, , എം സി അജയകുമാർ, തുടങ്ങിയവർ ഉപവാസ സമരം നടക്കുന്ന ക്യാമ്പിന് പുറത്ത് ഉപവാസ സമരത്തിന് പിന്തുണയർപ്പിച്ച് സംസാരിച്ചു. പിന്നീട് ഡെപ്യൂട്ടി കളക്ടർ ക്യാമ്പിൽ എത്തുകയും കളക്ടറെ കാണുവാൻ കോളനി നിവാസികളെ അനുവദിക്കുകയായിരുന്നു.