കൊച്ചി: എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനസഹായിയായി കളക്ടർ ലാപ്പ്ടോപ്പ് നൽകി. നിലംപതിഞ്ഞി മുകൾ മനക്കപറമ്പിൽ വീട്ടിൽ ഷാജി-ബിന്ദു ദമ്പതികളുടെ മകനായ അർജുൻ ഷാജിക്കാണ് ലാപ്പ്ടോപ്പ് കൈമാറിയത്. നിർദ്ധന കുടുംബാംഗമായ അർജുൻ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പഠിക്കാൻ മാർഗമില്ലാതിരുന്നതിനാൽ കളക്ടർക്ക് ലാപ്പ്ടോപ്പിനായി അപേക്ഷ നൽകിയിരുന്നു. പിതാവ് ഷാജി ഇലക്ട്രീഷ്യനാണ്. ലോക്ക് ഡൗൺ വന്നതോടെ ജോലി ഇല്ലാതായ ഷാജി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടെയാണ് മകന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. പഠിക്കാൻ മറ്റു മാർഗമില്ലാതിരുന്ന അർജുൻ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കിയത്.

തിങ്കളാഴ്ച മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. ക്ലാസിൽ പങ്കെടുക്കാൻ നിർവാഹമില്ലാതിരിക്കെയാണ് ജില്ലാ കളക്ടർ എസ്.സുഹാസിന്റെ സഹായമെത്തിയത്. ഇന്നലെ കളക്ടറുടെ ചേംബറിലെത്തി അർജുൻ ലാപ്പ്ടോപ്പ് ഏറ്റുവാങ്ങി.

ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന ഇ.വൈ.ജി.ഡി.എസ് കമ്പനിയാണ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ജില്ലാ ഭരണകൂടത്തിന് ലാപ്പ്ടോപ്പുകൾ നൽകിയത്. വിദ്യാഭ്യാസ വകുപ്പിന് 38 ലാപ്പ്ടോപ്പുകളാണ് നൽകിയത്. ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഇവ കൈമാറി.