കൊച്ചി: യാക്കോബായ സഭയുടെ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ, ഓണക്കൂർ സെന്റ് മേരീസ് പള്ളികൾ ജില്ലാ ഭരണകൂടം ബലമായി ഏറ്റെടുത്തു. കോടതി ഉത്തരവുപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറും. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തി പള്ളി ഏറ്റെടുത്തത്.
പള്ളി ഏറ്റെടുക്കുമെന്നറിഞ്ഞ് മെത്രാപ്പോലീത്ത പോളികാർപ്പോസും നൂറുകണക്കിന് വിശ്വാസികളും തമ്പടിച്ചിരുന്നു. ഗേറ്റിന്റെ പൂട്ട് കട്ടറുപയോഗിച്ച് മുറിച്ചാണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും അകത്തുകടന്നത്. തടയാൻ ശ്രമിച്ച ബിഷപ്പുമാരെയും വൈദികരെയും വിശ്വാസികളെയും അറസ്റ്റുചെയ്തു നീക്കി. ബിഷപ്പ് ഐസക് ഒസ്താസിയോസിനെ വലിച്ചിഴച്ചാണ് നീക്കിയത്. ബലപ്രയോഗത്തിൽ നിരവധി വിശ്വാസികൾക്ക് പരിക്കേറ്റു.
ആയിരം വർഷത്തിലേറെ പഴക്കമുള്ള മുളന്തുരുത്തി പള്ളി കത്തീഡ്രൽ യാക്കോബായസഭയുടെ കൊച്ചി ഭദ്രാസനത്തിന് കീഴിലായിരുന്നു. സഭയുടെ പരിശുദ്ധന്മാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന പള്ളി യാക്കോബായ വിഭാഗത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രധാനവുമായിരുന്നു. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള കേസുകൾക്കൊടുവിൽ പള്ളികളുടെ അവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുളന്തുരുത്തി പള്ളി ഏറ്റെടുത്തത്.
പിറവം ഓണക്കൂരിലെ സെന്റ് മേരീസ് പള്ളി മൂവാറ്റുപുഴ ആർ.ഡി.ഒ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്. പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ അറസ്റ്റുചെയ്തു നീക്കി. ഏറ്റെടുക്കലിനെതിരെ യാക്കോബായ വിഭാഗം സഭയുടെ പള്ളികളിൽ കരിങ്കൊടി കെട്ടിയും മണികൾ മുഴക്കിയും ഇന്നലെ കരിദിനം ആചരിച്ചു.