sadanandan
പി.എസ്. സദാനന്ദൻ

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ അറ്റൻഡർ കുന്നത്തേരി എസ്.എൻ.ഡി.പി റോഡിൽ പാണൻപറമ്പിൽ സദോപ്പ എന്ന് വിളിക്കുന്ന പി.എസ്. സദാനന്ദൻ (57) മരിച്ചു.

ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് താത്കാലിക ജീവനക്കാരനായി ജോലിചെയ്യവേ കഴിഞ്ഞ ഒന്നിനാണ് സദാനന്ദന് രോഗം ബാധിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ കൊവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചു. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം.

ഓണക്കളി കലാകാരനും മുൻ കാലങ്ങളിൽ നാട്ടിലെ ഓണക്കളി ടീമിന്റെ ആശാനുമായിരുന്നു. ഇതേത്തുടർന്ന് ആദരസൂചകമായാണ് സദാനന്ദനെ നാട്ടുകാർ സദോപ്പ എന്ന് വിളിച്ചിരുന്നത്. ഭാര്യ: ഷീല. മകൻ: ആരോമൽ.

സംസ്കാര ചുമതലയേറ്റെടുത്ത് ഡി.വൈ.എഫ്.ഐ

കൊവിഡ് മാനദണ്ഡപ്രകാരം കീഴ്മാട് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ആരോഗ്യ പ്രവർത്തകരായ നൗഷാദ് (ജൂനിയർ എച്ച്.ഐ ചൂർണിക്കര), സിറാജ് (ജൂനിയർ എച്ച്.ഐ ആലുവ ജില്ലാ ആശുപത്രി) എന്നിവരുടെ സാന്നിദ്ധ്യത്തിൽ സി.പി.എം ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, ഡി.വൈ.എഫ്.ഐ ബ്ളോക്ക് ഭാരവാഹികളായ മനോജ് ജോയ്, അജി ഐരാർ, കെ.എ. ഷമീർ, ഷാഫി എടശേരി, സമീർ പാറക്കാട്ട് എന്നിവരാണ് സംസ്കാരത്തിന് നേതൃത്വം നൽകിയത്.