ex

കൊച്ചി: സർക്കാർ വകുപ്പുകൾ കൊവിഡിനെതിരെ പ്രതിരോധം തീർക്കുമ്പോൾ എക്സൈസ് വ്യാജ മദ്യത്തിനെതിരെ പൊരിഞ്ഞ പോരാട്ടത്തിൽ. കഴിഞ്ഞ ജനുവരി മുതൽ ജൂലായ് വരെ എക്സൈസ് വകുപ്പ് പിടികൂടിയ അബ്കാരി കേസുകളുടെ കണക്കുകളിലാണ് കൊവിഡ് കാലത്തെ അത്യദ്ധ്വാനം പ്രകടമാകുന്നത്. ലോക്ക് ഡൗൺ കാലമായിരുന്ന മാർച്ച് മുതൽ മേയ് വരെ വ്യാജമദ്യത്തിന്റെ ഒഴുക്കും കേസുകളുടെ എണ്ണവും കുതിച്ചുയർന്നു. ഈ കാലയളവിൽ 2,863 ലിറ്റർ ചാരായവും, 2,57,256.5 ലിറ്റർ വാഷും 3,568.95 ലിറ്റർ അരിഷ്ടവും 2,038.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും എക്സൈസ് പിടിച്ചെടുത്തു.

ജനുവരി, ഫെബ്രുവരി, ജൂൺ, ജൂലായ് മാസങ്ങളെ അപേക്ഷിച്ച് ലോക്ക് ഡൗൺ കാലത്ത് ചാരായം,വാഷ്, അരിഷ്ടം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കുതിച്ചു. കഞ്ചാവ്, വിദേശമദ്യം എന്നിവയിലെ കേസുകൾ കുറഞ്ഞു. ജനുവരി, ഫെബ്രുവുരി മാസങ്ങളിൽ 5,286.41 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ലോക്ക് ഡൗൺ കാലത്ത് പകുതിയിലും താഴെയെത്തി. കഞ്ചാവ് ആദ്യത്തെ രണ്ടുമാസം 520 കിലോഗ്രാം പിടിച്ചെടുത്തപ്പോൾ ലോക്ക് ഡൗണിൽ 291.91 കിലോയായി കുറഞ്ഞു. ഗതാഗതസൗകര്യം പരിമിതപ്പെടുത്തിയതാണ് കഞ്ചാവ് കടത്തുകാർക്ക് വിനയായത്. ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ച ജൂൺ, ജൂലായ് മാസങ്ങളിൽ ഇവർ സജീവമാവുകയും ചെയ്തു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 349.67 കിലോകഞ്ചാവ് എക്സൈസ് പിടികൂടി. കടത്തിക്കൊണ്ടുവരുന്നതിന്റെ ചെറിയൊരു അംശം മാത്രമാണ് പിടികൂടപ്പെടുന്നത്. ലോക്ക് ഡൗൺ കാലത്ത് വിദേശമദ്യത്തിന്റെ വില്പന സർക്കാർ നിറുത്തിവച്ചതാണ് വ്യാജചാരായ ലോബിക്ക് ചാകരയായത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വിദേശ മദ്യത്തിന്റെ വ്യാജവില്പന നാമമാത്രമായിരുന്നെങ്കിൽ ബെവ്കോ ഷോപ്പുകളും ബാറും തുറന്നതോടെ വീണ്ടും പഴയപടിയായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ അനധികൃതമായി കൈകാര്യം ചെയ്ത 2006 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയിട്ടുണ്ട്.

ജനുവരി - ജൂലായ് വരെ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ

# ചാരായം 4,125.2 ലിറ്റർ

# വാഷ് 3,60,598.5 ലിറ്റർ

# ഇന്ത്യൻ നിർമിത വിദേശമദ്യം 9,330.02 ലിറ്റർ

# കഞ്ചാവ് 1,161.58 കിലോഗ്രാം

# അരിഷ്ടം 4,361.5 ലിറ്റർ

# കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ 496