കൊച്ചി : മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് സി.കെ. വിദ്യാസാഗർ നൽകിയ ഉപഹർജി പിൻവലിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. യഥാർത്ഥ വസ്തുതകൾ മനസിലാക്കാതെയും വേണ്ടത്ര അന്വേഷണം നടത്താതെയുമാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. നേരത്തെ തീർപ്പാക്കിയ കേസിൽ ഇത്തരമൊരു ഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടിയത്. ഇതനുവദിച്ചു. മൈക്രോഫിനാൻസ് ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിക്കെതിരെ എസ്.എൻ.ഡി.പി യോഗം നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി മുമ്പ് തീർപ്പാക്കിയിരുന്നു.