പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 166-ാംമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിലും ശ്രീനാരായണ കുടുംബയൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ഭവനങ്ങളിലും പീതപതാക ഉയർത്തി. പറവൂർ യൂണിയൻ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തിനു സമീപം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാർമാരായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, ടി.എം. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. ശാഖാ, മേഖല, യൂണിയൻ തലങ്ങളിൽ നടന്നുവന്നിരുന്ന വിവിധ കലാ സാഹിത്യ മത്സരങ്ങളും ശ്രീനാരായണ ദിവ്യജ്യോതി പര്യടനവും കൊവിഡിന്റെ സാഹചര്യത്തിൽ ഉണ്ടാവില്ല. ചതയദിനത്തിൽ എല്ലാ ഭവനങ്ങളിലും ശ്രീനാരായണ ജയന്തി ആഘോഷങ്ങൾ നടക്കും.