കൊച്ചി : നോട്ടുനിരോധന സമയത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണവുമായി വിജിലൻസിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇൗയാവശ്യം ഉന്നയിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി. അതേസമയം ഇബ്രാഹിംകുഞ്ഞും മകനും പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന ഹർജിക്കാരന്റെ പരാതി തള്ളി.
മുസ്ളിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടുവഴി പത്തുകോടി രൂപയുടെ കള്ളപ്പണം വി.കെ. ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്നും പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിയിലൂടെയും മറ്റുമായി സമ്പാദിച്ച തുകയാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഗിരിഷ്ബാബു പരാതി നൽകിയത്. പാലാരിവട്ടം ഫ്ളൈഒാവർ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഇതുകൂടി അന്വേഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. കള്ളപ്പണം സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇവരെ കേസിൽ കക്ഷിചേർക്കാൻ ആവശ്യപ്പെട്ടു. കേസിന്റെ വിവരങ്ങൾ ഇ.ഡിക്ക് കൈമാറാനും നിർദേശിച്ചു. തുടർന്ന് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു.
പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇരു വിഭാഗത്തിനും അന്വേഷണം തുടരാം. ആത്മാർത്ഥമായി അന്വേഷണം നടത്തി യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരാനും കോടതി നിർദേശിച്ചു. ഇ.ഡി വിവരങ്ങൾ ആവശ്യപ്പെട്ടാൽ വിജിലൻസ് കൈമാറണം.
ഭീഷണി അന്വേഷിക്കേണ്ട
ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ ഇബ്രാഹിം കുഞ്ഞും മകനും തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഹർജിക്കാരൻ ഉപഹർജി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച വിജിലൻസ് ഐ.ജി പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയെന്നും പരസ്പരസമ്മതത്തോടെയാണ് ഇവർ കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇബ്രാഹിംകുഞ്ഞോ മകനോ ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ഇക്കാര്യം അന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി തുടർനടപടികൾ അവസാനിപ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ അനധികൃത സ്വത്തിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഹർജിയുടെ പരിധിക്കു പുറത്തുള്ളതാണെന്ന് വിലയിരുത്തി കോടതി നിരസിക്കുകയും ചെയ്തു.