ആലുവ: ജീവനക്കാരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആലുവ ഫയർ സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി ആലുവ ടൗൺ ഹാളിലേക്ക് മാറ്റി. ഫയർസ്റ്റേഷനിൽ ക്വാറന്റെയിനിലായിരുന്ന രണ്ട് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് താത്കാലികമായി മാറ്റിയത്.

ഫയർസ്റ്റേഷനിൽ രണ്ടുപേർ ഫോൺ അറ്റൻഡ് ചെയ്യുന്നതിനായി ഉണ്ടാകും. ക്വാറന്റെയിനിൽ പോകാത്ത 16 പേർ ടൗൺ ഹാളിലായിരിക്കും. ഫയർസ്റ്റേഷൻ പൂർണമായി അണുവിമുക്തമാക്കി ഒരാഴ്ച്ചക്കകം തിരികെ ഓഫീസ് തുറക്കാനാകുമെന്നാണ് കരുതുന്നത്.

ഇന്നലെ ആലപ്പുഴ സ്വദേശിക്കും മൂക്കന്നൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ഫയർ സ്റ്റേഷനിലെ 43 ജീവനക്കാരിൽ ഇതിനകം ആറ് പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ ഒരാൾ രോഗമുക്തനായതിനെ തുടർന്ന് ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ചു.

15 പേർ ഹോം ക്വാറന്റെയിനിലും നാല് പേർ തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലെ ക്വാറന്റെയിൻ കേന്ദ്രത്തിലുമാണ്. ജീവനക്കാരുടെ കുറവ് ആലുവ ഫയർ സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുമെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഏലൂർ, അങ്കമാലി, പട്ടിമറ്റം, പെരുമ്പാവൂർ ഫയർസ്റ്റേഷനുകളുടെ സേവനം ലഭിക്കും.