pt-thomas

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യസാക്ഷികളിലൊരാളായ പി.ടി തോമസ് എം.എൽ.എയുടെ വിസ്താരം തുടങ്ങി. ഇന്നും തുടരും. തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന നടിയെ പൾസർ സുനിയടക്കമുള്ള പ്രതികൾ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. സംഭവത്തിനുശേഷം നടി സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ് അഭയംതേടിയത്. ലാൽ വിവരമറിയിച്ചതിനെത്തുടർന്ന് നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പമാണ് പി.ടി തോമസ് സ്ഥലത്തെത്തിയത്. നടി സംഭവങ്ങൾ വിവരിച്ചതോടെ പി.ടി തോമസ് അന്നത്തെ കൊച്ചി ഐ.ജി പി. വിജയനെ ഫോണിൽ വിളിച്ചു വിവരം ധരിപ്പിച്ചു. തുടർന്നാണ് നടിയുടെ മൊഴിയെടുക്കൽ ഉൾപ്പെടെ നടപടികൾ തുടങ്ങിയത്. 2017 ഫെബ്രുവരി 17 നായിരുന്നു സംഭവം.