കൊച്ചി: മുളന്തുരുത്തി പള്ളിയിൽ കോടതിവിധി നടപ്പാക്കിയതിന്റെ മറവിൽ ബിഷപ്പുമാർക്കും വൈദികർക്കുമെതിരെ നടന്ന പൊലീസ് നരനായാട്ട് നീതീകരിക്കാനാവില്ലെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. അവരെ പള്ളിയിൽ നിന്നു വലിച്ചിറക്കി മർദിച്ച് അറസ്റ്റുചെയ്തത് അപലപനീയമാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പൊലീസ് നടപടി. കോടതിവിധി മാനിക്കേണ്ടതാണ്. മുളന്തുരുത്തി പള്ളിയുമായി ബന്ധപ്പെട്ട് ഡിവിഷൻബെഞ്ചിന് മുന്നിൽ മറ്റൊരു ഹർജി നിലനിൽക്കുമ്പോഴാണ് തിരക്കുപിടിച്ച് പൊലീസ് നടപടി.

സ്വർണക്കള്ളക്കടത്തും അഴിമതിയും ഉൾപ്പെടെ വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിണറായി സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണ്. നിയമവാഴ്ച നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട ജില്ലാ കളക്ടർ മാറി നിന്നതെന്തിനെന്ന് വ്യക്തമാക്കണം. കോടതിവിധി നടപ്പാക്കാനെന്ന പേരിൽ അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.