lap

കൊച്ചി: കുടുംബശ്രീ മിഷനും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡുമായി (കെ.എസ്.എഫ്.ഇ.) ചേർന്ന് നടപ്പാക്കിയ വിദ്യാശ്രീ പദ്ധതി വഴി 5.12 ലക്ഷം ലാപ് ടോപ്പുകൾ വിദ്യാർത്ഥികളുടെ കൈകളിലെത്തും. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ലാപ് ടോപ്പ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് വിദ്യാശ്രീ. 500 രൂപവീതം 30 മാസത്തവണകളായി അടച്ച് 15,000 രൂപ വരുന്ന സൂക്ഷ്മസമ്പാദ്യ പദ്ധതിയാണിത്. ആദ്യ മൂന്ന് തവണകൾ അടച്ചുകഴിയുമ്പോൾ ലാപ് ടോപ്പ് ലഭിക്കും.

6,70,156 അയൽക്കൂട്ടാംഗങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ 5,12,561 പേരാണ് ലാപ്ടോപ്പ് ആവശ്യപ്പെട്ടത്. ആറിനും 17നുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 ശതമാനം കുടുംബങ്ങളും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായതിനാലാണ് 1500 രൂപ അടച്ച് കഴിയുമ്പോൾ ലാപ് ടോപ്പ് ലഭ്യമാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന സ്പെസിഫിക്കേഷൻ പ്രകാരമുള്ള ലാപ് ടോപ്പ് ഐ.ടി. വകുപ്പ് എംപാനൽ ചെയ്യുന്ന ഏജൻസികളിൽ നിന്നാണ് ലഭ്യമാക്കുന്നത്.

15,000 രൂപയിൽ താഴെയാകും ഇതിന് വില. ലാപ് ടോപ്പിന്റെ വില കഴിഞ്ഞുള്ള തുകയും പലിശയും ചേർത്ത് ചിട്ടിയുടെ അടവ് തീരുമ്പോൾ അംഗങ്ങൾക്ക് തിരികെ ലഭിക്കും. ചിട്ടി കൃത്യമായി അടയ്ക്കുന്നവർക്ക് പത്താം തവണയും ഇരുപതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്ക്കേണ്ടതില്ല. ഇത് കെ.എസ്.എഫ്.ഇ തന്നെ അടയ്ക്കും. തവണസംഖ്യ കൃത്യമായി അടയ്ക്കുന്നവർക്ക് പുതുതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയിൽ ചേരാൻ ആദ്യതവണ സംഖ്യയായ 500 രൂപ കെ.എസ്.എഫ്.ഇ. ഇളവുചെയ്യും. മുടക്കാതെ തവണ അടയ്ക്കുന്നവർക്ക് ആകെ 1500 രൂപയുടെ ലാഭം ഇതുവഴി ഉറപ്പാക്കും. ലാപ് ടോപ്പ് ആവശ്യമില്ലാത്തവർക്കും പദ്ധതിയിൽ ചേരാനാകും.

പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള അയൽക്കൂട്ടാംഗങ്ങൾ ബന്ധപ്പെട്ട കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ സുഗമ അക്കൗണ്ട് (സേവിംഗ്സ് അക്കൗണ്ട്) തുടങ്ങി ആ അക്കൗണ്ട് മുഖേനയാണ് തവണകൾ അടയ്ക്കേണ്ടത്.

അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കെ.എസ്.എഫ്.ഇ. സുഗമ അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനവും പരിഗണനയിലാണെന്ന് കുടുംബശ്രീ വൃത്തങ്ങൾ പറഞ്ഞു.