കൊച്ചി:കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള തൊഴിൽ മേഖലകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലെ ഒഴിവുകൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദി ദ്രാവിഡ സാംസ്കാരിക സഭ ആവശ്യപ്പെട്ടു. ഈ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്ത തസ്തികകളിലേക്ക് 2018 ൽ അപേക്ഷ സമർപ്പിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനം നടന്നിട്ടില്ല.

ഏകദേശം 160 ഒഴിവുകളിൽ പട്ടികജാതിക്ക് 26 ഉം പട്ടികവർഗത്തിന് 35 ഉം തസ്തികകളാണുള്ളത്. നിയമനം നടക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ വലയുകയാണ്. വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര പട്ടികജാതി പട്ടികവർഗ മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് ആദി ദ്രാവിഡ സാംസ്കാരിക സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പടനിലത്തും മദ്ധ്യമേഖല സെക്രട്ടറി കെ. സോമനും അറിയിച്ചു.